സ്വന്തമായി ഭൂമി; സ്വപ്നം പൂവണിഞ്ഞത് ആയിരങ്ങൾക്ക്
text_fieldsകോഴിക്കോട്: സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരങ്ങൾ. കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന പട്ടയമേളയിൽ രേഖകൾ വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.
8,216 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 8007 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവ വിതരണം ചെയ്തു. കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങൾ-5100, വടകര ലാൻഡ് ട്രൈബ്യൂണൽ 2,206, ദേവസ്വം -450, കോഴിക്കോട് സ്പെഷൽ തഹസിൽദാർ റവന്യൂ റിക്കവറി-118, സ്പെഷൽ തഹസിൽദാർ എൽ.എ കൊയിലാണ്ടി -133 എന്നിവയും മുനിസിപ്പൽ കോർപറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, മിച്ചഭൂമി പട്ടയങ്ങൾ 34, കോളനി പട്ടയങ്ങൾ 138 എന്നിവയുമാണ് വിതരണം ചെയ്തത്. പട്ടയവിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ മേളയിൽ ഒരുക്കിയിരുന്നു.
ഇന്ത്യയിൽ ആദ്യമായി യുനീക് തണ്ടപ്പേര് നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കെ. രാജൻ ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആധാറും തണ്ടപ്പേരും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കൈവശക്കാർക്ക് ഭൂമി കൊടുക്കുക എന്നത് മാത്രമല്ല സർക്കാറിന്റെ ലക്ഷ്യമെന്നും അർഹരായ എല്ലാവർക്കും ഭൂമി നൽകണമെന്ന ചരിത്രലക്ഷ്യത്തിലേക്കാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. നികുതി അടക്കാൻ സാധിക്കാത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ വർഷം തന്നെ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ. ഉടമസ്ഥാവകാശം തർക്കരഹിതമായി സ്ഥാപിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. റവന്യൂ വകുപ്പിലും അഴിമതിയുടെ കറപുരളുന്നുണ്ട്. ഇത് ഇല്ലാതെയാക്കാൻ ജൂൺ 10 മുതൽ ടോൾഫ്രീ നമ്പർ നിലവിൽ വന്നിട്ടുണ്ട്.
തുടക്കത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 10 വരെയായിരിക്കും സേവനം.ഭൂമി രജിസ്റ്റർ ചെയ്യുന്ന സമയത്ത് തന്നെ ഭൂമിയുടെ പോക്ക് വരവും ലൊക്കേഷനും സ്കെച്ചും അറിയാൻ കഴിയുന്ന വിധത്തിൽ രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പിന്റെ പോർട്ടലുകളായ പേളും റെലീസും ഇ-മാപ്പും ഒത്തുചേർന്ന് എന്റെ ഭൂമി എന്ന പേരിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരും. അതിർത്തി തർക്കങ്ങളില്ലാത്ത വിധം ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും. എല്ലാ സേവനങ്ങളും സ്മാർട്ടാക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യം. നവംബർ ഒന്നാം തീയതി കേരളത്തിൽ ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറുന്നതിനുള്ള അവസാന ഒരുക്കങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. 2021 ന് ശേഷം 1,22,000 പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ. രമ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ജില്ല പഞ്ചായത്ത് അംഗം പി. ഗവാസ്, ജില്ല കലക്ടർ എ. ഗീത, സബ്കലക്ടർ വി. ചെൽസാസിനി, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, അസി. കലക്ടർ സി. സമീർ കിഷൻ, ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.