ക്ഷാമം നേരിടാൻ കോർപറേഷനിൽ 'ഓക്സിജൻ ചാലഞ്ച്'
text_fieldsകോഴിക്കോട്: കോവിഡ് വ്യാപിക്കുന്നതിനാൽ പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയ സാധനസാമഗ്രികൾ 'ഓക്സിജൻ ചാലഞ്ച്' എന്ന പേരിൽ സ്പോൺസർഷിപ് മുഖേന കണ്ടെത്താൻ കോർപറേഷൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. 100 വീടുകൾക്ക് ഒരു സ്ക്വാഡ് എന്ന കണക്കിൽ കോവിഡ് ബ്രിഗേഡുകൾ രൂപവത്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും തീരുമാനമായി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും അംഗൻവാടി, കുടുംബശ്രീ, റെസിഡൻറ്സ് അസോസിയേഷൻ എന്നിവയുടെയും പങ്കാളിത്തത്തോടെ വാർഡ് തല മോണിറ്ററിങ് കമ്മിറ്റിയുടെ കീഴിലാകും ബ്രിഗേഡ് പ്രവർത്തിക്കുക.
കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം 2000ത്തിൽ നിന്ന് 5000 ആക്കി ഉയർത്തും. ഹോം ഐസൊലേഷനിൽ കഴിയുന്ന രോഗികൾ ക്വാറൻറീനിൽ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും രോഗലക്ഷണമുള്ളവരെ പരിശോധിച്ച് പോസിറ്റിവ് ആണെങ്കിൽ ഡൊമിസിലിയറി കെയർ സെൻററുകളിലേക്ക് എത്തിക്കുന്നതിനും നേതൃത്വം നൽകുന്നതാണ് ഈ ബ്രിഗേഡുകളുടെ മുഖ്യ ചുമതല. മൊബൈൽ വാക്സിനേഷൻ യൂനിറ്റുകളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ നഗരപരിധിയിലെ സന്നദ്ധ സംഘടനകളുടെ സഹായം അഭ്യർഥിക്കും. വീടുകളിൽ സൗകര്യമില്ലാത്ത രോഗികളെ ഡി.സി.സികളിലേക്ക് മാറ്റുന്നതിന് ആർ.ആർ.ടികളും ഇതിനായി രൂപവത്കരിക്കുന്ന പ്രത്യേക സ്ക്വാഡും കൂടുതൽ ശ്രദ്ധിക്കുന്നതിന് നിർദേശം നൽകും. ആർ.ആർ.ടികളുടെ സുഗമമായ പ്രവർത്തനത്തിന് പൊലീസിെൻറ സഹായം ഉറപ്പുവരുത്തും. ആംബുലൻസുകൾ സ്പോൺസർഷിപ് മുഖേന കണ്ടെത്തുന്നതിന് ഇടപെടൽ നടത്തും.
യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷനായിരുന്നു. നിയുക്ത എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിർ, പി.എ മുഹമ്മദ് റിയാസ്, മുൻ മേയർ ടി.പി. ദാസൻ, കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻമാർ, കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ ഹെൽത്ത് ഓഫിസർ, പൊലീസ് അസി. കമീഷണർ, കൗൺസിൽ പാർട്ടി ലീഡർമാർ, ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.