പി. മോഹനന് തുണയായത് അചഞ്ചല പാർട്ടി കൂറ്, നേതൃപാടവം
text_fieldsകോഴിക്കോട്: അചഞ്ചലമായ പാർട്ടി കൂറും നേതൃപാടവവുമാണ് സി.പി.എം ജില്ല സെക്രട്ടറി പദവിയിൽ പി. മോഹനന് മൂന്നാം വട്ടവും തുണയായത്. മോഹനന്‍റെ നേതൃത്വത്തിൽ പാർട്ടി പൊതുവെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനുപുറമെ പാർട്ടി അംഗങ്ങളുടെ എണ്ണം മൂന്നിലൊന്ന് വർധിച്ച് അരലക്ഷം കടന്നു.
ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിലടക്കം പാർട്ടിക്ക് സ്വീകാര്യത വർധിപ്പിക്കാനായതും നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. ജില്ല സെക്രട്ടേറിയറ്റിലെ പലർക്കുമെതിരെ പ്രതിനിധി സമ്മേളനത്തിൽ വിമർശനമുയർന്നെങ്കിലും സെക്രട്ടറി പി. മോഹനന്‍റെ നേതൃപാടവം പാർട്ടിക്ക് കരുത്തായെന്നാണ് ചൂണ്ടിക്കാട്ടപ്പെട്ടത്.
യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ മോഹനൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 673 ദിവസമാണ് ജയിലിൽ കിടന്നത്. പിന്നീട് കേസിൽ കുറ്റമുക്തനായതിനുശേഷം 2015ൽ വടകരയിൽ നടന്ന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. തൊട്ടടുത്ത കൊയിലാണ്ടി സമ്മേളനത്തിൽ രണ്ടാം വട്ടം സെക്രട്ടറിയായി. അഴിമതിക്കെതിരായി മന്ത്രിമാരെ തടയുന്ന സമരത്തിൽ കൊടിയ പൊലീസ് മർദനം ഏൽക്കേണ്ടിവന്നു. ആദ്യ ജില്ല കൗൺസിലിൽ അംഗമായ ഇദ്ദേഹം പിന്നീട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റായും പ്രവർത്തിച്ചു. 1991ൽ ജില്ല കമ്മിറ്റിയിലും 2015ൽ സംസ്ഥാന കമ്മിറ്റിയിലും എത്തി. കർഷക തൊഴിലാളി യൂനിയൻ അഖിലേന്ത്യ കമ്മിറ്റി അംഗവുമാണ്.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.കെ. ലതിക ഭാര്യയും ജൂലിയസ് നികിദാസ്, ജൂലിയസ് മിർഷാദ് എന്നിവർ മക്കളും സാനിയോ, ഡോ. ശിൽപ എന്നിവർ മരുമക്കളുമാണ്.
സർക്കാറിന്‍റെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന യു.ഡി.എഫ്, ബി.ജെ.പി, ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ വിപുല ജനകീയ കാമ്പയിൻ ഏറ്റെടുക്കുമെന്ന് പി. മോഹനൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രവർത്തകർക്ക് സംഘടനാ രാഷ്ട്രീയ വിദ്യാഭ്യാസം നൽകുമെന്നും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ദലിതുകൾ എന്നീവിഭാഗങ്ങളിൽനിന്ന് പാർട്ടിയിലേക്കുള്ള റിക്രൂട്ടിങ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.