പടനിലം കൾച്ചറൽ ലൈബ്രറി സ്വന്തം കെട്ടിടത്തിലേക്ക്
text_fieldsകുന്ദമംഗലം: അഞ്ചു പതിറ്റാണ്ട് മുമ്പ് പ്രവർത്തനമാരംഭിച്ച പടനിലം കൾച്ചറൽ ലൈബ്രറി സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. പത്തു ലക്ഷം രൂപ വില നൽകി വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറിൽ നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, സാംസ്കാരിക നായകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ലൈബ്രറി പ്രവർത്തകർ. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമായ ലിജി പുൽക്കുന്നുമ്മൽ ചെയർപേഴ്സനും വിനോദ് പടനിലം കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
1969 ആഗസ്റ്റ് 15നാണ് പടനിലം കൾച്ചറൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. സ്വന്തമായി വരുമാനമൊന്നുമില്ലാത്ത യുവ വിദ്യാർഥികളായിരുന്നു പ്രവർത്തകർ. പുകപിടിച്ച ഒരു കുടുസ്സുമുറിയിൽ ഏതാനും പുസ്തകങ്ങളുമായി ആരംഭിച്ച ലൈബ്രറി പടനിലത്തിന്റെ എല്ലാ പൊതുപ്രശ്നങ്ങളിലും ഇടപെടുകയും പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു.
പടനിലം പോസ്റ്റ് ഓഫിസ്, ബസ് വെയിറ്റിങ് ഷെഡ്, തെരുവുവിളക്കുകൾ തുടങ്ങിയ എല്ലാത്തിനും വേണ്ടി മുൻകൈയെടുത്തു പ്രവർത്തിച്ചത് കൾച്ചറൽ ലൈബ്രറിയാണ്. പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാഹിത്യ ചർച്ചകൾ, സാംസ്കാരിക സദസ്സുകൾ, കായികമേളകൾ, കലാപരിപാടികൾ തുടങ്ങിയവ നടത്തിക്കൊണ്ട് കൾച്ചറൽ ലൈബ്രറി പടനിലത്തിന്റെ സാംസ്കാരിക ജീവിതത്തിൽ ഇടം പിടിക്കുകയും അതിനെ മുന്നോട്ടുനയിക്കുകയും ചെയ്തു.
ഇടക്കാലത്ത് പ്രവർത്തനം അൽപം മന്ദീഭവിച്ചെങ്കിലും ഏതാനും വർഷങ്ങൾക്ക് മുമ്പ് ലൈബ്രറി പ്രവർത്തകർ മുൻകൈയെടുത്ത് പണം പിരിച്ച് മൂന്നു സെന്റ് സ്ഥലം വാങ്ങി. കുന്ദമംഗലം പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും പി.ടി.എ. റഹീം എം.എൽ.എയുടെ ഫണ്ടിൽ നിന്നും ലഭിച്ച ധനസഹായംകൊണ്ട് മനോഹരമായ കെട്ടിടം പണിതു കഴിഞ്ഞു.
കെട്ടിടത്തിന് ഒരു ചുറ്റുമതിൽ പണിയാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. അതിനും പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്.പുതിയ കെട്ടിടം വരുന്നതോടെ അമ്മമാർക്കുള്ള ഗ്രന്ഥാലയം, ഗൃഹങ്ങളിൽ പുസ്തക വിതരണ പദ്ധതി, കുട്ടികളുടെ ലൈബ്രറി, മത്സരപരീക്ഷ പരിശീലന പദ്ധതി, റഫറൻസ് ലൈബ്രറി, സേവനകേന്ദ്രം തുടങ്ങിയ പദ്ധതികളിലൂടെ ലൈബ്രറി പ്രവർത്തനം കൂടുതൽ വിപുലീകരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹം. പി. ഹുസൈൻ പ്രസിഡന്റും എ.പി. കുഞ്ഞാമു സെക്രട്ടറിയുമായ ഒരു കമ്മിറ്റിയാണ് ലൈബ്രറിക്ക് ആദ്യത്തിൽ ഉണ്ടായിരുന്നത്. ലൈബ്രറിയുടെ മുൻനിര പ്രവർത്തകരായിരുന്ന പി. ചന്തപ്പൻ ഗുരുക്കൾ, എം.പി. മമ്മിക്കുട്ടി, വി. മുഹമ്മദ് മാസ്റ്റർ, പി.കെ. മമ്മി, കെ. അബ്ദുറഹിമാൻ, വി. അഹമ്മദ് കോയ, എം.കെ. ഇസ്മയിൽ, കാക്കാട്ട് ആലിഹാജി തുടങ്ങി പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. വി. അബു പ്രസിഡന്റും യൂസുഫ് പടനിലം സെക്രട്ടറിയുമായ ഭരണസമിതിയാണ് ഇപ്പോൾ ഭരണനിർവഹണ ചുമതല വഹിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങ് നാടിന്റെ ഉത്സവമാക്കി മാറ്റാൻ വേണ്ട പരിപാടികൾ കൾച്ചറൽ ലൈബ്രറി വികസന സമിതി ആസൂത്രണം ചെയ്തുകഴിഞ്ഞു. ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷിയോലാൽ, പഞ്ചായത്തംഗം യു.സി. ബുഷ്റ, എ.പി. കുഞ്ഞാമു, എൻ. കാദർ, കെ.സി.അബ്ദുസ്സലാം, കെ.പി. അശ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.