കോഴിക്കോടിെൻറ സ്നേഹമധുരം നുകർന്ന് പത്മശ്രീ ഹജ്ജബ്ബ
text_fieldsകോഴിക്കോട്: ഓറഞ്ച് വിറ്റുനടന്ന് ഒരുനാടിന് അക്ഷരമധുരമേകിയ ഹരേകള ഹജ്ജബ്ബക്ക് കോഴിക്കോടിനെ അത്രമേൽ ഇഷ്ടമായി. സ്വന്തം നാടായ, മംഗളൂരുവിനടുത്തുള്ള ന്യൂ പദപ്പിൽ സ്കൂൾ സ്ഥാപിച്ച ഈ സാധാരണക്കാരന് നഗരം അർഹിക്കുന്ന ആദരമേകി. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ മീഡിയ റൂമും കാമ്പസ് ന്യൂസ് ചാനലും ഉദ്ഘാടനം ചെയ്യാനായിരുന്നു ഹജ്ജബ്ബയെത്തിയത്. 'അക്ഷരങ്ങളുടെ വിശുദ്ധൻ' എന്ന് ദക്ഷിണ കന്നടയിൽ അറിയപ്പെടുന്ന ഹജ്ജബയെ കഴിഞ്ഞ വർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പത്മശ്രീയുടെ പത്രാസില്ലാതെ സേവനവുമായി മുന്നോട്ടുപോവുകയാണ് ഇദ്ദേഹം.
'ഈ നാട്ടിലെ സർക്കാർ സ്കൂളുകൾ ഏറ്റവും മികച്ച നിലവാരമുള്ളതാണ്. ഈ സ്കൂളുകളുമായി താരതമ്യം ചെയ്യുേമ്പാൾ എെൻറ നാട്ടിലെ സ്കൂളുകൾ എത്രയോ ചെറുതാണ്'-ഹജ്ജബ്ബ പറഞ്ഞു. ഈ ചടങ്ങിന് ക്ഷണിക്കാൻ കോഴിക്കോട്ടുനിന്ന് കിലോമീറ്ററുകൾ താണ്ടി തെൻറ വീട്ടിലെത്തി ആറുമണിക്കുറോളം കാത്തിരുന്ന മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ അധികൃതരോട് ഏറെ ആദരവുണ്ടെന്നും 'ബ്യാരി' ഭാഷയിലുള്ള പ്രസംഗത്തിൽ ഹജ്ജബ്ബ പറഞ്ഞു.
പണ്ട് ഗൾഫിലേക്ക് പോകാൻ അന്നത്തെ ബോംബെയിലേക്ക് മലയാളികൾ മംഗളൂരു വഴി ബസിൽ പോകുന്നത് ഹജ്ജബ്ബ അനുസ്മരിച്ചു. മംഗളൂരു ബസ് സ്റ്റാൻഡിൽ ഈ യാത്രക്കാർക്കും ഓറഞ്ച് വിറ്റിട്ടുണ്ട്. വിദേശികളായ യാത്രക്കാരോട് ആശയവിനിമയം നടത്താൻ ഭാഷ വശമില്ലായിരുന്നു. തെൻറ പിൻതലമുറയെങ്കിലും മികച്ച വിദ്യാഭ്യാസം നേടണമെന്ന ലക്ഷ്യത്തോടെയാണ് നാട്ടിൽ സ്കൂൾ സ്ഥാപിച്ചത്. ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ ന്യൂ പദപ്പ് എന്നാണ് ഇപ്പോൾ സ്കൂളിെൻറ പേര്. 400 കുട്ടികൾ ഇവിടെ പഠിക്കുന്നു. തനിക്കുകിട്ടിയ പുരസ്കാരങ്ങളുടെ സമ്മാനത്തുക സ്കൂളിെൻറ വികസനത്തിനാണ് ചെലവഴിച്ചത്. 12ാം ക്ലാസ് തുടങ്ങുകയാണ് ലക്ഷ്യം. അഞ്ചുവർഷമായി ഓറഞ്ച് കച്ചവടം നടത്തുന്നില്ല.
ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭാര്യയും രണ്ട് പെൺമക്കളും മകനുമാണുള്ളത്. അഞ്ചുവർഷത്തിന് ശേഷമാണ് കോഴിക്കോട്ടെത്തുന്നത്. അന്തരിച്ച പി.എ. ഇബ്രാഹീം ഹാജി തെൻറ സ്കൂളിനെ സഹായിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സി.എം. ജംഷീർ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രേഖ, എം.പി. ഹമീദ്, ടി.കെ. ചന്ദ്രൻ, സ്മിത വള്ളിശ്ശേരി, ഇല്യൂസിയ സി.ഇ.ഒ പി. നൗഫൽ, കെ.മോഹനൻ, രജുല, ഷാജി, അരുണാംശുദേവ്, ഇ.എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എൻ. പ്രമോദ് സ്വാഗതവും ഷീല ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.