പാളയം വികസനം: വിശദ പദ്ധതി രേഖ തയാറാക്കാൻ തീരുമാനം
text_fieldsകോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു മുന്നിൽ എം.എം അലി റോഡിലും ജി.എച്ച് റോഡിലുമെല്ലാം തിരക്കാണ്. അശാസ്ത്രീയമായ വാഹന പാർക്കിങ്ങാണ് മുഖ്യ പ്രശ്നമെന്നാണ് പരാതി. കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് പോവുന്നവരടക്കം ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്.
ഒരു കാലത്ത് നഗരത്തിന്റെ ഹൃദയമായിരുന്ന പാളയത്തെ ഇന്നത്തെ ശോച്യാവസ്ഥ പരിഹരിക്കാനും തിരക്കൊഴിവാക്കാനുമായി കോർപറേഷൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവെങ്കിലും നടപ്പിലായിട്ടില്ല. പാളയം മുതൽ മുതലക്കുളം വരെയുള്ള ഭാഗത്തെ ഇട റോഡുകളെ ബന്ധിപ്പിച്ച് വികസിപ്പിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിലുണ്ട്. മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്ത രീതിയിൽ പദ്ധതി തയാറാക്കാൻ ഏറ്റവുമൊടുവിൽ കോർപറേഷൻ തീരുമാനിച്ചു.
വിശദ പദ്ധതി രേഖ തയാറാക്കി പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ ക്ഷണിക്കാൻ സൂപ്രണ്ടിങ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടപ്പായാൽ പാളയത്തിന്റെ മുഖഛായമാറും. കോഴിക്കോട് നഗരത്തിന്റെ പ്രാചീനകാലം മുതലുള്ള ഹൃദയഭാഗമാണ് പാളയം.
ദേശീയപാത 66ഉം മൗലാന മുഹമ്മദലി റോഡും പാളയം വഴി കടന്നുപോകുന്നുവെങ്കിലും റോഡിനോടുചേർന്നുള്ള ഭൂമികളിലേക്ക് മാത്രമാണ് ഇപ്പോൾ ശരിയായ പ്രവേശന സൗകര്യമുള്ളത്. ഈ അസൗകര്യങ്ങൾ പരിഹരിച്ച് നഗരത്തിൽ പുതിയൊരു ചത്വരമായി പാളയത്തെ മാറ്റുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്.
വാണിജ്യകേന്ദ്രങ്ങൾ, റസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, ഭക്ഷണശാലകൾ, സാംസ്കാരിക-വിനോദകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന രാജ്യത്തുതന്നെ ശ്രദ്ധേയമായ സ്വപ്ന നഗര വികസനമായാണ് പാളയത്തെ വികസന പദ്ധതിയെ കാണുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ മുതലക്കുളം മുതൽ പാളയം വരെയുള്ള നഗരസഭയുടെ കൈവശമുള്ള ഭൂമിയും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തവും ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനായി കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റിലും പദ്ധതി ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.