പാളയം പച്ചക്കറി മാർക്കറ്റ് ഇന്നുമുതൽ പ്രവർത്തിക്കും
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ പാളയം പച്ചക്കറി മാർക്കറ്റ് ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കും. മാർക്കറ്റ് ചൊവ്വാഴ്ച തുറക്കാൻ അനുമതി നൽകുകയും സബ് കലക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തിരുന്നുവെങ്കിലും പൊലീസിന് മതിയായ നിർദേശം നൽകിയിരുന്നില്ല.
തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ വിവിധയിടങ്ങളിൽനിന്ന് മാർക്കറ്റിലേക്കെത്തിയ പച്ചക്കറി വണ്ടികളടക്കം റോഡിൽ തടഞ്ഞു. മാർക്കറ്റ് തുറക്കാനും അനുവദിച്ചില്ല. ഇതോടെ വീണ്ടും ആർ.ആർ.ടി, പൊലീസ്, നഗരസഭ, കച്ചവടക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് ബുധനാഴ്ച മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റ് പൂർണമായും അണുമുക്തമാക്കുകയും ചെയ്തു.
പച്ചക്കറിയുമായെത്തിയ ലോറികൾ പിന്നീട് ഉള്ളിലേക്ക് കടത്തിവിടുകയും ലോഡിറക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. മാർക്കറ്റിലേക്കുള്ള എട്ട് വഴികളിൽ നാലെണ്ണം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടസ്സപ്പെടുത്തും. ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ മാർക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. കോവിഡ് നെഗറ്റിവായ കച്ചവടക്കാർ, തൊഴിലാളികൾ, പോർട്ടർമാർ എന്നിവർക്ക് മാത്രമേ മാർക്കറ്റിൽ പ്രവേശനം അനുവദിക്കൂ. സ്റ്റാൾ കച്ചവടം രാവിലെ 11 വെര മാത്രമായി നിജപ്പെടുത്തും.
ഉന്തുവണ്ടി കച്ചവടക്കാർ 11 മണിക്കു ശേഷമേ പാളയത്ത് പ്രവേശിക്കാവൂ. ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടംകൂടുന്നില്ലെന്ന് ആർ.ആർ.ടികൾ ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.