സഹൃദയർ ഒന്നിച്ചിറങ്ങി; പാളയത്തെ അത്ഭുതക്കിണർ വൃത്തിയാക്കി
text_fieldsകോഴിക്കോട്: കൊടും വേനലിലും ദിവസം രണ്ടായിരത്തിലേറെ പേർക്ക് തുണയായ പാളയം മാർക്കറ്റിലെ വാട്ടർ ടാങ്കിനോടു ചേർന്ന കിണർ സന്നദ്ധ പ്രവർത്തകരുടെയും കോർപറേഷന്റെയും ആഭിമുഖ്യത്തിൽ വൃത്തിയാക്കി. ഒരിക്കലും വറ്റാത്ത നഗരത്തിലെ അത്ഭുതക്കിണറായാണ് ഇത് അറിയപ്പെടുന്നത്. 40 കൊല്ലത്തിന് ശേഷം ആദ്യമായാണ് കിണർ വൃത്തിയാക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പല തവണയായി വീണുപോയ 30ലേറെ ബക്കറ്റ്, മൊബൈൽ ഫോൺ, കൈവള, മറ്റു ആഭരണങ്ങൾ തുടങ്ങിയവയെല്ലാം കിണറിൽ നിന്ന് ലഭിച്ചു. മീനുകളെയും കിട്ടി. രാവിലെ ഏഴോടെ പ്രദേശവാസികളും തൊഴിലാളികളും ചേർന്ന് ആഘോഷപൂർവമായിരുന്നു കിണർ നന്നാക്കൽ.
നൂറുകൊല്ലത്തിലേറെ പഴക്കമുള്ള കിണറ്റിൽ പത്തു മിനിറ്റിനകം ഒരാൾ ഉയരത്തിൽ ഉറവ വരുമെന്നതാണ് പ്രത്യേകത. മുമ്പ് പഴയ തറവാട് വീടിനോട് ചേർന്നുണ്ടായിരുന്ന കിണർ പിന്നീട് മാർക്കറ്റിന്റെ ഭാഗമാവുകയായിരുന്നു. പുലർച്ചെ ഒരുമണി മുതൽ മാർക്കറ്റിൽ വരുന്ന തൊഴിലാളികൾ ഉപയോഗിക്കുന്ന കിണറാണിത്. ആറു മണിക്ക് അവർ ജോലി കഴിഞ്ഞിറങ്ങുമ്പോഴേക്കും അടുത്ത ബാച്ച് വരും.
തുടർന്ന് ഒമ്പതുവരെയും ഒരുമണിവരെയുമെല്ലാം വിവിധ ബാച്ചുകളായി പാളയത്ത് തൊഴിലിനിറങ്ങുന്നവരെല്ലാം ഈ കിണർ ഉപയോഗിക്കുന്നു. പാളയം മാർക്കറ്റിലെത്തുന്നവർക്കും മുഴുവൻ കച്ചവടക്കാർക്കും ആശ്രയമാണ് കിണർ. കൊടും വേനലിൽ വെള്ളം തലയിലൊഴിച്ച് തണുപ്പിക്കുന്നതും ജോലികഴിഞ്ഞ് കുളിക്കുന്നതും വെള്ളിയാഴ്ച പള്ളിയിൽ പോവുന്നതിനുമുമ്പ് വൃത്തിയാവുന്നതും അത്ഭുതക്കിണറിൽ നിന്നുതന്നെ.
ഇത്രയും കാലം ആരും കിണർ വറ്റിക്കാൻ ധൈര്യം കാണിച്ചിരുന്നില്ല. ഒരിക്കലും വറ്റില്ലെന്നായിരുന്നു ധാരണ. ആധുനിക സജ്ജീകരണങ്ങൾ വന്നതോടെയാണ് കിണർ വൃത്തിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. ജലാശയങ്ങൾ സംരക്ഷിക്കാനുള്ള സർക്കാർ നയവും കിണർ നന്നാക്കാൻ പ്രചോദനമായി. ശക്തമായ നാലു മോട്ടോറുകൾ തുടർച്ചയായി മണിക്കൂറുകളോളം പ്രവർത്തിപ്പിച്ചാണ് വെള്ളം വറ്റിച്ചത്.
ലോഡ് കണക്കിന് ചളി കിണറിൽനിന്ന് മാറ്റി. ഇത് നല്ല മണ്ണായതിനാൽ കോർപറേഷൻ സ്ഥലങ്ങൾ നികത്താനായി ഉപയോഗിക്കും. മേയർ ഡോ. ബീന ഫിലിപ്പ് സ്ഥലത്തെത്തി. കോർപറേഷൻ സ്ഥിരംസമിതി ചെയർമാൻ പി.കെ. നാസർ മുൻകൈയെടുത്തായിരുന്നു വൃത്തിയാക്കൽ.
പാളയം ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. വിനോദ്കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെകട്ർ എ.എം. ഇർഷാദ്, എം.വി. സജിത തുടങ്ങിയവർ നേതൃത്വം നൽകി. മൊത്തം ചെലവും പാളയത്തെ സഹൃദയരാണ് വഹിച്ചത്. നന്നാക്കിയ കിണറിൽ ഇലകൾ വീഴാതിരിക്കാൻ ഷീറ്റിട്ട് കപ്പിയും കയറും സ്ഥാപിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.