പാചകവാതക ഏജൻസി മാറ്റി ഗുണഭോക്താക്കൾ ദുരിതത്തിൽ
text_fieldsപാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ 2500 ഓളം ഗാർഹിക പാചക വാതക കണക്ഷൻ പേരാമ്പ്രയിൽ നിന്നും കുറ്റ്യാടിയിലേക്ക് മാറ്റിയത് ഉപഭോക്താക്കളെ വെട്ടിലാക്കി. പേരാമ്പ്ര ഐ.ഒ.സിയുടെ ധീര പാചക വാതക ഏജൻസിയുടെ ഗുണഭോക്താക്കളെയാണ് കുറ്റ്യാടി മരുതോങ്കരയിലെ അടുക്കത്തുള്ള വജ്ര ഏജൻസിയിലേക്ക് മാറ്റിയത്. നേരത്തെ ആഴ്ചയിൽ രണ്ട് തവണ സ്ഥിരമായി വന്നു കൊണ്ടിരുന്ന റൂട്ടിൽ ആഴ്ചകളോളമായിട്ടും ഒരു തവണ പോലും വിതരണം നടക്കുന്നില്ലെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടു.
കടിയങ്ങാട് നിന്നും പേരാമ്പ്രയിലേക്ക് വെറും ആറു കിലോമീറ്റർ മാത്രമേയുള്ളൂ. എന്നാൽ, ഇപ്പോഴുള്ള ഏജൻസിയിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. ഉപഭോക്താക്കളെ അറിയിക്കാതെയുള്ള മാറ്റത്തിനെതിരെ ശക്തമായ ജനരോഷമുണ്ട്. ദൂരം വർധിക്കുമ്പോൾ ആനുപാതികമായി ചാർജും വർധിക്കും.
ഏജൻസിയിൽ മതിയായ ജോലിക്കാരെ നിയമിക്കാത്തതും വിതരണത്തിന് ആവശ്യത്തിന് വാഹനമില്ലാത്തതും ജോലിക്കാർക്ക് സ്ഥലപരിചയമില്ലാത്തതും കാരണം ബുക്ക് ചെയ്തവർക്ക് സമയബന്ധിതമായി സിലിണ്ടർ ലഭിക്കുന്നില്ല. ഒരു സിലിണ്ടർ മാത്രം ഉള്ളവർക്കാണ് ഏറെ ദുരിതം. പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.