ജാനകി വയൽ: സർവേ പൂർത്തിയായപ്പോൾ കൈവശക്കാർക്ക് ഭൂമി ഇല്ലാതായി; 42ൽ 21 പേർക്ക് പട്ടയം ലഭിച്ചില്ല
text_fieldsപാലേരി: ചങ്ങരോത്ത് പഞ്ചായത്ത് ജാനകി വയലിലെ 42 കൈവശക്കാരിൽ 21 പേർക്ക് സർവേ കഴിഞ്ഞിട്ടും പട്ടയം നൽകിയില്ല. 2020ൽ തുടങ്ങിയ സർവേ നടപടികൾ 2023 ജൂൺ മാസത്തോടെ അവസാനിച്ചു. സർവേയുടെ സമയത്തുതന്നെ പട്ടയത്തിന് തഹസിൽദാർ അപേക്ഷ സ്വീകരിച്ചു. എന്നാൽ 42 പേരിൽ 21 ആളുകളുടെ അപേക്ഷകൾ മാത്രമേ പരിഗണിച്ചുള്ളൂ.
സ്ഥലം അളന്ന് തിട്ടപ്പെടുത്തി കുഴിക്കൂർ ചമയങ്ങൾ പരിശോധിച്ച് ഏറ്റെടുക്കുന്നതിനായിട്ടാണ് കൈവശക്കാർ സർക്കാറിനെ സമീപിച്ചത്. എന്നാൽ സർവേ നടപടികൾ പൂർത്തിയായപ്പോൾ ഭൂമി കൈവശക്കാരന്റേതല്ലാതെ മാറിയിരിക്കുകയാണ്. കഴിഞ്ഞ 35 വർഷത്തോളമായി 42 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.
ജാനകി വയലിലെ മുഴുവൻ കൈവശക്കാർക്കും പട്ടയം അനുവദിക്കണമെന്ന് സർവകക്ഷി യോഗം സർക്കാറിനോട് അഭ്യർഥിച്ചു. ചങ്ങരോത്ത് വില്ലേജിൽ 11, 17, 18, 19 സർവേ നമ്പറിൽപെട്ട സ്ഥലം കൃഷിക്കാരുടേത് മാത്രമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പട്ടിക പുനഃപരിശോധിച്ച് മുഴുവൻ കൈവശക്കാർക്കും പട്ടയം അനുവദിക്കുകതന്നെ വേണമെന്നാണ് സർവകക്ഷി യോഗം ആവശ്യം. എം.പി. ബാലൻ അധ്യക്ഷതവഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കെ.കെ. വിനോദൻ, വാർഡ് മെംബർ അരവിന്ദാക്ഷൻ, പാളയാട്ട് ബഷീർ, കെ.ടി. മൊയ്തീൻ, എ.കെ. സദാനന്ദൻ, സി.പി. ഇബ്രാഹിം, ബാലകൃഷ്ണൻ, പി.സി. സതീഷ്, തോമസ് കൈതക്കുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.