അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം
text_fieldsപാലേരി: ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട് അടിസ്ഥാന സൗകര്യങ്ങളില്ലാതെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത് ഇവിടെയായിരുന്നു. ഈ വിനോദ സഞ്ചാരകേന്ദ്രം ഏറെയായി മദ്യപരുടെ താവളമാണ്.
ജാനകിക്കാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഇവിടെ നിന്ന് വനത്തിലൂടെ മുള്ളൻകുന്ന് ഭാഗത്തേക്കുള്ള റോഡ് ടാറിങ് പാടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ഇവിടെ അപകടത്തിൽപെടാറുണ്ട്. റോഡിെൻറ ദുരവസ്ഥ സന്ദർശകർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
സഞ്ചാരികൾക്ക് കാട് കണ്ട് മടങ്ങുകയല്ലാതെ മറ്റൊരു വിനോദവും ഇവിടെയില്ല. മുമ്പ് പുഴയിലൂടെ ചങ്ങാടയാത്ര സൗകര്യമുണ്ടായിരുന്നു.
കാടിനുള്ളിൽ ഏറുമാടമുൾപ്പെടെ സജീകരിച്ച് സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഇപ്പോൾ ഇവയൊക്കെ നശിച്ചിരിക്കുകയാണ്. കുട്ടികൾക്ക് കളിക്കാനോ മറ്റു വിനോദ ഉപാധികളോ ഒന്നും തന്നെ ഇവിടെയില്ല. പ്രവേശന പാസായി കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. കൂടുതൽ സഞ്ചാരികളെത്തുകയും ഗൈഡുമാരെ നിയമിക്കുകയും ചെയ്താൽ ഇവിടുത്തെ സാമൂഹിക വിരുദ്ധശല്യത്തിന് അറുതിയുണ്ടാവും. ഈ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ വികസനത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വികസനം സാധ്യമാവുമെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.