വടക്കുമ്പാട് എച്ച്.എസ്.എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ശക്തം
text_fieldsപാലേരി: നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ രോഗവ്യാപനം തടയാൻ പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ. ബുധനാഴ്ച ഹയർ സെക്കൻഡറിയിലെ 278 വിദ്യാർഥികൾക്ക് ടെസ്റ്റ് നടത്തി. ഇതിൽ കുറച്ച് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും ടെസ്റ്റ് തുടരും.
പരിശോധന കഴിഞ്ഞ പ്ലസ് വൺ വിദ്യാർഥികൾ ഓണാവധിക്ക് ശേഷം സ്കൂളിലെത്തിയാൽ മതിയെന്നാണ് തീരുമാനം. രോഗത്തിന്റെ ഉറവിടം സ്കൂളിലെ വെള്ളമാണോ എന്ന സംശയത്തെ തുടർന്ന് കിണർവെള്ളം പരിശോധന നടത്തി. എന്നാൽ, വെള്ളത്തിൽ പ്രശ്നങ്ങളില്ലെന്നാണ് പരിശോധന റിപ്പോർട്ട്.
ബുധനാഴ്ച മുതൽ സ്കൂൾ ഉച്ചഭക്ഷണ വിതരണവും നിർത്തിവെച്ചിരുന്നു. സ്കൂൾ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. ഇ.വി. ആനന്ദിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീളയുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിവരുകയാണ്. ബുധനാഴ്ച രാത്രി വൈകിയും സമീപത്തെ വീടുകളിലും മറ്റും ഇവർ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.