കടിയങ്ങാട്-പൂഴിത്തോട് റോഡ് പ്രവൃത്തിയിൽ അപാകത
text_fieldsപാലേരി: കടിയങ്ങാട്-പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡ് നവീകരണ പ്രവൃത്തിയിൽ അപാകതയെന്ന് ആരോപണം. എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമല്ല പ്രവൃത്തി നടത്തുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പന്തീരിക്കര ടൗണിൽ രാഷ്ട്രീയസ്വാധീനമുള്ളവരുടെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ടു എന്ന ആരോപണവും ഉയരുന്നുണ്ട്. 1962ൽ സർവേ നടത്തിയാണ് ഈ റോഡിന്റെ ഭൂമി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. അന്നത്തെ അളവ് പ്രകാരമുള്ള ഭൂമി നവീകരണത്തിന് വേണ്ടി ഇപ്പോൾ ഏറ്റെടുത്തിട്ടില്ല.
പല ഭാഗത്തും വീതി കുറച്ചിരിക്കുകയാണ്. പന്തീരിക്കര ടൗണിൽ ഓവുചാൽ പൂർണമായി നിർമിച്ചിട്ടില്ല. പട്ടാണിപാറയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളിൽ പോക്കറ്റ് റോഡുകളിലൂടെ ഒലിച്ചുവരുന്ന വെള്ളം മെയിൻ റോഡിലൂടെ പരന്നൊഴുകും. പന്തീരിക്കരയിൽ ഒരു ഭാഗത്ത് കൂടുതൽ വീതിയിലുള്ള നടപ്പാതയാണ് നിർമിച്ചത്. ഇത് റോഡിന്റെ വീതി കുറക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും പറയുന്നു. റോഡ് നവീകരണത്തിലെ ക്രമക്കേടിനെതിരെ പന്തീരിക്കരയിൽ നാട്ടുകാർ കർമസമിതി ഉണ്ടാക്കിയിട്ടുണ്ട്. റോഡ് വികസനവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ പൊതുമരാമത്ത് വകുപ്പിൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.