മഞ്ഞപ്പിത്ത വ്യാപനം; ചങ്ങരോത്ത് ആശങ്ക ഒഴിയുന്നില്ല
text_fieldsപാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത വ്യാപനം ഒരു മാസത്തോളമായിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 300ഓളം കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഓണാവധിക്കുശേഷം ഇവിടെ അധ്യയനം നടന്നിട്ടില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് പി.ടി.എകൾ നടത്തി ബോധവത്കരണം നടത്തി.
വ്യാഴാഴ്ച മുതൽ അധ്യയനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തുവന്നു. രോഗം നിയന്ത്രണവിധേയമാകാതെ സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഇരു പാർട്ടികളും വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനം കാരണം ഈ മാസം 29ന് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷ ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. പാലേരി എൽ.പി സ്കൂളിൽ രണ്ട് ജീവനക്കാർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതോടെ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നിർത്തി.
രണ്ടാം ഘട്ട വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടായിരത്തിലധികം വീടുകളിൽ കയറി ബോധവത്കരണവും ജലസ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി. സംശയമുള്ള സ്ഥലങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിച്ചു.
ദുരൂഹത അകറ്റണം -മുസ്ലിം ലീഗ്
പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ച് ആഴ്ചകളായിട്ടും ഉറവിടം വ്യക്തമാക്കാതെ ജനങ്ങളിൽ ആശങ്ക പരത്തുന്ന സമീപനം അപകടകരമാണെന്ന് മുസ്ലിം ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപെട്ടു. വിഷയത്തിൽ ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്.
വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ മുന്നൂറിലധികം പേർ രോഗബാധിതരായിട്ടും വിഷയത്തിൽനിന്ന് ഒളിച്ചോടാനുള്ള സമീപനമാണ് സ്കൂൾ അധികൃതർ നടത്തുന്നത്. യു.പി-ഹൈസ്കൂൾ വിഭാഗങ്ങളിൽ വൃത്തിഹീനമായ ശുചിമുറികളാണ്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് തുടരുന്ന മൗനം പ്രതിഷേധാർഹമാണെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ആനേരി നസീർ അധ്യക്ഷത വഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, കല്ലൂർ മുഹമ്മദലി, മൂസ കോത്തമ്പ്ര, അസീസ് നരിക്കലക്കണ്ടി, എ.പി. അബ്ദുറഹ്മാൻ, ഇബ്രാഹിം പുതുശ്ശേരി, കെ.ടി. അബ്ദുൽ ലത്തീഫ്, പി.കെ. മുഹമ്മദ്, മൊയ്ദു മൂശാരികണ്ടി എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
പാലേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ മുന്നൂറോളം വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പേരാമ്പ്ര സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് തടയുകയായിരുന്നു. പിന്നീട് പഞ്ചായത്ത് ഓഫിസ് കവാടത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഉപരോധം നടത്തി. ജില്ല വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു.
വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്തം പടർന്നുപിടിച്ചിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത് വിദ്യാർഥികളോടും രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. അൻസാർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പ്രകാശൻ കന്നാട്ടി, സെക്രട്ടറി ഇ.ടി. സരീഷ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ഇ.എൻ. സുമിത്ത്, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. അഭിജിത്ത്, സി.എം. പ്രജീഷ് വടക്കുമ്പാട്, വിജേഷ് കുളക്കണ്ടം, അരുൺ രാജ് കടിയങ്ങാട് പാലം, എം.കെ. റംഷാദ്, കെ.ഇ. ശരത്, എം.കെ. നിഹാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.