'റിഹാബ് യൂനിവേഴ്സിറ്റി പന്തിരിക്കരയിൽ വേണം'
text_fieldsപാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ ഭിന്നശേഷിക്കാർക്കുവേണ്ടി തണൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന റിഹാബ് യൂനിവേഴ്സിറ്റിക്കുള്ള തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കൾ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് നിവേദനം നൽകി.
കടിയങ്ങാട് തണൽ-കരുണ സ്കൂളിലെ 300 ഭിന്നശേഷിക്കാരായ മക്കളുടെ രക്ഷിതാക്കൾ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. പന്തിരിക്കരയിൽ തണൽ പ്രഖ്യാപിച്ച റിഹാബ് യൂനിവേഴ്സിറ്റിയെ തികച്ചും വാസ്തവവിരുദ്ധമായ പ്രകൃതിപ്രശ്നങ്ങൾ പറഞ്ഞ് തടയാൻ ശ്രമിക്കുന്ന ചിലരുടെ കുത്സിത ശ്രമങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മുൻകൈയെടുത്ത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
ഭിന്നശേഷി കുട്ടികളും അനാഥരായവരും ഈ പദ്ധതി വഴി ഒരുവിധ മലിനീകരണവും പന്തിരിക്കരയിലെ സമീപവാസികൾക്ക് ഉണ്ടാക്കുകയില്ലെന്ന് പ്രസിഡന്റിന് കുട്ടികളും രക്ഷിതാക്കളും ഉറപ്പുനൽകി. ഈ യൂനിവേഴ്സിറ്റി ഭിന്നശേഷിക്കാരുടെ സ്വപ്നമാണെന്നും അത് സാധ്യമായാൽ നാടിന് ഒരു പൊൻതൂവലാവുമെന്നും അവർ പറഞ്ഞു.
കടിയങ്ങാട് തണൽ-കരുണ സ്പെഷൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബാബു ആയഞ്ചേരി, കമ്മിറ്റി അംഗങ്ങളായ ഷൈമ രാജീവൻ, ജിഷ കുണ്ടുതോട്, റംല പന്തിരിക്കര, അർഷിന കടിയങ്ങാട്, അഫ്ലിൻ കടിയങ്ങാട്, അഷ്റഫ് കടിയങ്ങാട്, സമീറ പേരാമ്പ്ര, സഫിയ പേരാമ്പ്ര, സുധാകരൻ, ഷീബ, കെ.ഇ. അഷ്റഫ് എന്നിവർ ചേർന്നാണ് നിവേദനം കൈമാറിയത്. ഈ വിഷയം ഉന്നയിച്ച് എം.പി, എം.എൽ.എ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.