പ്രതീക്ഷക്കൊത്തുയരാതെ എൻ.ഡി.എ
text_fieldsകോഴിക്കോട്: മുെമ്പങ്ങുമില്ലാത്ത വിധം ചിട്ടയായ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ ബി.ജെ.പി. കോർപറേഷനിലെ ഏഴ് സീറ്റുകൾ 30 വരെയായി വർധിപ്പിക്കുമെന്നും ജില്ല പഞ്ചായത്തുൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അക്കൗണ്ട് തുടങ്ങുമെന്നും പല പഞ്ചായത്തുകളും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിൽ സീറ്റുകൾ നേടുമെന്നുമായിരുന്നു പാർട്ടി ജില്ല നേതൃത്വത്തിെൻറ അവകാശവാദം.
എന്നാൽ, ഫലം വന്നപ്പോൾ വോട്ടിങ് ശതമാനത്തിലെ ഉയർച്ചയല്ലാതെ വിജയം പ്രതീക്ഷിച്ചപോലെ ഉണ്ടായില്ല. ഇത് പ്രവർത്തകരിലെ ആത്മവിശ്വാസം പോലും ഉലയ്ക്കുന്ന തരത്തിലായി.ഗ്രൂപ് പോരുകളെല്ലാം മാറ്റിവെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചിരുന്നത്.
കോർപറേഷനിലടക്കം എൽ.ഡി.എഫിനും യു.ഡി.എഫിനും വെല്ലുവിളി ഉയർത്തുന്ന പ്രചാരണമാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഇത്തവണ കാഴ്ചവെച്ചിരുന്നത്. കോർപറേഷനിൽ 2015ൽ ലഭിച്ച ഏഴ് വാർഡുകൾക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയ ഏഴ് വാർഡുകൾ ഉറപ്പായും പിടിച്ചെടുക്കുമെന്നതുൾപ്പെടെ ലക്ഷ്യമിട്ട് ആയിരത്തിന് മുകളിൽ വോട്ട് കിട്ടിയതടക്കം 32 വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.
2010ൽ ഒന്നുമില്ലാത്തിടത്തുനിന്ന് 2015ൽ പാർട്ടിക്കുണ്ടായ മുന്നേറ്റം കവച്ചുെവക്കുന്ന മുന്നേറ്റവും പ്രതീക്ഷിച്ചു.മുനിസിപ്പാലിറ്റികളിൽ മിക്കയിടത്തും അഞ്ചിൽ കൂടുതൽ സീറ്റുകളും ജില്ല പഞ്ചായത്തിൽ മൂന്ന് സീറ്റുകൾ വരെയും പ്രതീക്ഷിച്ചതും നേടാനായില്ല. എന്നാൽ, 2015ൽ ലഭിച്ച 27 സീറ്റുകൾ ഇത്തവണ 34 ആയി ഉയർത്താനായി എന്നതും മുമ്പത്തേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനായി എന്നതുമാണ് നേട്ടം.
ഇതിനിടെ, കോർപറേഷനിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളിൽ ചിലത് കൈവിടുകയും ചെയ്തു. കോർപറേഷൻ: ഏഴ്, മുനിസിപ്പാലിറ്റികളിൽ വടകര, കൊയിലാണ്ടി: മൂന്നുവീതം, മുക്കം:രണ്ട്, ഫറോക്ക്, പയ്യോളി:ഒന്നുവീതം, ഗ്രാമപഞ്ചായത്തുകളിൽ ഉണ്ണികുളം: മൂന്ന്, ചെങ്ങോട്ടുകാവ്, കുന്ദമംഗലം:രണ്ടുവീതം, ചാത്തമംഗലം, ഒളവണ്ണ, പെരുവയൽ, ചേമഞ്ചേരി, അഴിയൂർ, ബാലുശ്ശേരി, അത്തോളി, കായണ്ണ, നന്മണ്ട എന്നിവിടങ്ങളിൽ ഓരോ സീറ്റുമാണ് എൻ.ഡി.എക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.