പന്നൂർ-നരിക്കുനി-നെല്ലേരിതാഴം-പുന്നശ്ശേരി റോഡ് പ്രവൃത്തി ഉടൻ പുനരാരംഭിക്കണം
text_fieldsനരിക്കുനി: കരാറുകാരനെ ഒഴിവാക്കിയതിനാൽ അനിശ്ചിതത്വത്തിലായ പന്നൂർ-നരിക്കുനി-നെല്ലേരിതാഴം-പുന്നശ്ശേരി റോഡിന്റെ പ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്ന് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
റോഡ് കടന്നുപോവുന്ന കിഴക്കോത്ത്-നരിക്കുനി-കാക്കൂർ ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളാണ് യോഗം ചേർന്നത്.
മൂന്നു പഞ്ചായത്തുകളിലെ നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡിന്റെ വികസനത്തിന് 2019ൽ ഏഴ് കോടി സർക്കാർ അനുവദിച്ചിരുന്നു. അന്നത്തെ മന്ത്രിയായ ടി.പി. രാമകൃഷ്ണൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കരാറുകാരന്റെ അനാസ്ഥമൂലം റോഡ് പണി അനിശ്ചിതമായി നീണ്ടുപോയി. പ്രവൃത്തി പാതിവഴിയിലായ റോഡിന്റെ പലയിടങ്ങളിലും അപകടം പതിവാണ്. പൊടിശല്യവും കുഴികളും സ്ലാബിടാതെ തുറന്നു കിടക്കുന്ന ഓവുചാലും മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കാൽനടയാത്ര ദുരിതമാണ്.
കരാറുകാരനെ ഒഴിവാക്കാൻവകുപ്പുതലത്തിൽ തീരുമാനമെടുത്ത ശേഷം പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ കരാറുകാരന് ഫെബ്രുവരി പത്താം തീയതിവരെ സമയം നൽകാൻ തീരുമാനിച്ച മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നിലവിലെ ഗുരുതര സാഹചര്യം പൊതുമരാമത്ത്, ഗതാഗത മന്ത്രി, എം.കെ. മുനീർ എം.എൽ.എ എന്നിവരെ ബോധ്യപ്പെടുത്തും. റോഡ് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജില്ല കലക്ടർ, പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ എന്നിവരെ 18ാം തീയതി കാണാനും യോഗം തീരുമാനിച്ചു.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ടി.എം രാധാകൃഷ്ണൻ, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസ്രി ഷരീഫ്, കാക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, ജില്ല പഞ്ചായത്ത് മെംബർ ഐ.പി. രാജേഷ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ. മോഹനൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വഹീദ അഷറഫ്, ഷൈലേഷ് വി, സി.പി. ലൈല, മൊയ്തി നെരോത്ത്, ടി.കെ. സുനിൽ കുമാർ, വി.പി. മിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.