അമ്മക്ക് സ്മരണാഞ്ജലിയാണ് അഭിനയുടെ മ്യൂറൽ പെയിൻറിങ്
text_fieldsപന്തീരാങ്കാവ്: 12 അടി നീളവും അഞ്ചര അടി വീതിയുമുള്ള കാൻവാസിൽ മാഹാവിഷ്ണുവിെൻറ അനന്തശയന ചിത്രം പകർത്താനൊരുങ്ങിയപ്പോൾ താങ്ങായി അമ്മയുണ്ടായിരുന്നു അഭിനക്ക്. ഒമ്പത് മാസമെടുത്ത് മ്യൂറൽ പെയിൻറിങ്ങിലൊരുക്കിയ ചിത്രം പൂർത്തിയാക്കുമ്പോൾ അമ്മയില്ല. തിങ്കളാഴ്ച പാലാഴി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികൾക്ക് ചിത്രം കൈമാറുമ്പോൾ അഭിനക്കത് അമ്മക്കുള്ള സ്മരണാഞ്ജലിയായി.
പാലാഴി പാൽ കമ്പനിക്കു സമീപം കളംകൊള്ളിപറമ്പ് പുത്തൂർ നിവാസിൽ അഭിനയെ ചിത്രരചനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് പിതാവ് ശേഖറാണ്. വർഷങ്ങൾക്കുമുമ്പ് അദ്ദേഹം മരിച്ചെങ്കിലും മാതാവ് സുമതിയും സഹോദരനുമടക്കമുള്ളവരുടെ സഹായത്തോടെ പഠനത്തിനിടയിലും അഭിന ചിത്രരചനയിൽ മുഴുകി. മ്യൂറൽ പെയിൻറിങ്ങിലാണ് കൂടുതൽ ശ്രദ്ധ. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വിദൂരപഠന വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് മാസങ്ങൾക്കുമുമ്പ് ക്ഷേത്ര ഭാരവാഹികളുടെ സഹകരണത്തോടെ വലിയ കാൻവാസിൽ ചിത്രരചന തുടങ്ങിയത്. ഇതിനിടയിലാണ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മ മരിച്ചത്.
പ്രധാനമായും അഞ്ചു വർണങ്ങളിലാണ് ചിത്രം പൂർത്തിയാക്കിയത്. ഭഗവാനുള്ള സമർപ്പണമായാണ് രചന പൂർത്തീകരിച്ചതെന്ന് അഭിന ശേഖർ പറയുന്നു. ചിത്രം നാലമ്പലത്തിനകത്തെ ചുവരിൽ സ്ഥാപിക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. 400 വർഷത്തിൽപരം പഴക്കം അവകാശപ്പെടുന്ന പാലാഴി മഹാവിഷ്ണു ക്ഷേത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
തന്ത്രി മേൽപള്ളി മന ഉണ്ണികൃഷ്ണൻ അടി തിരിപ്പാടിെൻറ നേതൃത്വത്തിൽ പൂജാകർമങ്ങൾക്ക് ശേഷം, ഭക്തർ നിർമിച്ച ക്ഷേത്ര പടിപ്പുരയും അഭിന ശേഖറിെൻറ അനന്തശയനം ചുവർ ചിത്രവും ക്ഷേത്രത്തിന് സമർപ്പിച്ചു. കനറാ ബാങ്ക് നടത്തുന്ന റൂറൽ ഡെവലപ്മെൻറ് പദ്ധതിയുടെ ഭാഗമായുള്ള മ്യൂറൽ പെയിൻറ് പരിശീലനത്തിലൂടെയാണ് അഭിന പരിശീലനം നേടിയത്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഓൺലൈൻ പ്രദർശനത്തിലേക്കുള്ള ചിത്രരചനയുടെ തിരക്കിലാണിപ്പോൾ അഭിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.