40 ലക്ഷം മുടക്കി വയലിൽ ആയുർവേദ ഡിസ്പെൻസറി നിർമിച്ചു; കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി
text_fieldsപന്തീരാങ്കാവ്: പഞ്ചായത്തിന്റെ 40 ലക്ഷം രൂപ മുടക്കി ഡേറ്റ ബാങ്കിൽപെട്ട പാടത്ത് ആയുർവേദ ഡിസ്പൻസറി പണിത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. നിയമസഭയിൽ പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്. 2015ൽ യു.ഡി.എഫ് ഭരണ സമിതിയാണ് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് കെട്ടിടം പണിതത്.
2015 സെപ്റ്റംബറിൽ മന്ത്രി ഡോ. എം.കെ. മുനീർ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ആറു വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് ഡിസ്പെൻസറി മാറ്റിയില്ല. കെട്ടിടത്തിലേക്കുള്ള റോഡിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള തർക്കമാണ് തടസ്സമായത്. പിന്നീട് സ്ഥലമുടമകൾ റോഡിന്റെ അവകാശം വിട്ടുനൽകി. റോഡ് സൗകര്യം ലഭിച്ചതോടെ നിയമ വിരുദ്ധമായി നിർമിച്ച കെട്ടിടത്തിന് പ്രത്യേക അനുമതിക്കായി പഞ്ചായത്ത് നൽകിയ അപേക്ഷ സംസ്ഥാനതല സമിതി നിരസിച്ചു. ഇതിനു പിന്നാലെയാണ് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം.
ഡേറ്റ ബാങ്കിൽപെട്ട സ്ഥലത്ത് കെട്ടിടം നിർമിക്കാൻ സ്വീകരിക്കേണ്ട നടപടികളൊന്നും ചെയ്യാതെയാണ് ഇവിടെ ലക്ഷങ്ങൾ ചെലവഴിച്ചത്. പുതിയ കെട്ടിടത്തിലേക്ക് റോഡ് നിർമിക്കുന്നത്, പെരുമണ്ണയിലെ അവശേഷിക്കുന്ന നെൽവയലുകളിലൊന്നായ വലിയ പാടം മണ്ണിട്ട് നികത്താൻ കാരണമാവുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉയർത്തിയിരുന്നു. അനുമതിയില്ലാതെ പണിത കെട്ടിടം പൊളിച്ചുനീക്കി, പൊതു പണം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.