ബസുകളിലിപ്പോൾ കിളികളില്ല, പകരം സമയനിഷ്ഠൻ
text_fieldsപന്തീരാങ്കാവ്: ബസുകളിലെ ക്ലീനർ തസ്തിക ഓർമയാവുന്നു, പകരമുള്ളത് 'ഗ്യാപ്പർ'. തൊട്ട് മുന്നിലെ ബസുകളുടെ സമയക്രമം ഉറപ്പ് വരുത്തുകയാണ് ഗ്യാപ്പറുടെ ജോലി. സിറ്റി, ലൈൻ ബസുകളിലാണ് ഗ്യാപ്പർമാർ സജീവമായത്. മത്സരം വർധിച്ച റൂട്ടുകളിലാണ് ഗ്യാപ്പർ സംവിധാനം തുടങ്ങിയത്.
മിക്ക വണ്ടികളും ഓട്ടോമാറ്റിക് വാതിലുകളിലേക്ക് മാറിയതോടെയാണ് ക്ലീനർമാർക്ക് വഴിമാറി ചിന്തിക്കേണ്ടി വന്നത്. പൊതുവേ ഈ ജോലിക്ക് ആളെ കിട്ടാത്തതും ക്ലീനർ തസ്തിക ഇല്ലാതാവാൻ കാരണമായിട്ടുണ്ട്. ജോലി ചെയ്യുന്ന ബസിന്റെ തൊട്ട് മുന്നിലെ ബസിൽ കയറി അവരുടെ സമയനിഷ്ഠ ഉറപ്പു വരുത്തുകയാണ് ഗ്യാപ്പർമാർ.
ബസുകാർ തമ്മിലുള്ള കലഹം കുറയാൻ ഇത് കാരണമാവുമെന്നാണ് തൊഴിലാളികൾ പറയുന്നത്. മുന്നിലെ ബസുകാർ അനാവശ്യമായി വൈകുന്നത് തടയുകയാണ് ഗ്യാപ്പറുടെ മുഖ്യ ജോലി. കൂലി അപ്പുറത്താണെങ്കിലും പല ഗ്യാപ്പർമാരും അവർ ജോലി ചെയ്യുന്ന വണ്ടികളിൽ യാത്രക്കാരെ കയറാനും ഇറങ്ങാനും സഹായിക്കാറുണ്ട്.
പല ബസുകളിലും വ്യത്യസ്ത കൂലിയാണ് ഗ്യാപ്പർക്ക്. ചില ബസുകാർ ദിവസക്കൂലി നൽകുമ്പോൾ പലരും ട്രിപ്പിന് കൂലി എന്ന രീതി പിന്തുടരുന്നുണ്ട്. ട്രിപ്പിന് കൂലി നിശ്ചയിക്കപ്പെട്ടവർ തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് ജോലി ചെയ്യുന്നത്.
തൊഴിലാളികൾ തമ്മിലുള്ള തർക്കം ഒഴിവാകുമെങ്കിലും ജോലി സുരക്ഷിതത്വം നഷ്ടപ്പെടുന്നുവെന്ന ആശങ്ക തൊഴിലാളികൾ പങ്ക് വെക്കുന്നുണ്ട്. ദിവസക്കൂലിയല്ലാതെ മറ്റൊരാനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. ജില്ലയിൽ മലപ്പുറവുമായി റൂട്ട് പങ്കിടുന്ന ബസുകളിലാണ് ഗ്യാപ്പർ തുടങ്ങിയത്.
പിന്നീടത് വ്യാപകമായി. ഉടമകളുടെ കൂട്ടായ്മയിൽ ലാഭം പങ്കിട്ട പെരുമണ്ണ സിറ്റി റൂട്ടിൽ കോവിഡിനുശേഷമാണ് ബസുകളിൽ ഗ്യാപ്പർ വരുന്നത്. മിനി ബസുകളിലും ദീർഘദൂര ബസുകളിലുമൊഴികെ ഇപ്പോൾ ജില്ലയിൽ ഗ്യാപ്പർ വ്യാപകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.