ബസ്സുകൾ മത്സരിച്ചോടി; ജീവനക്കാർതന്നെ പരസ്പരം തല്ലിത്തകർത്തു
text_fieldsപന്തീരാങ്കാവ്: മത്സരിച്ചോടിയ ബസുകൾ ജീവനക്കാർതന്നെ പരസ്പരം തല്ലിത്തകർത്തു. പെരുമണ്ണ-കോഴിക്കോട് സിറ്റി റൂട്ടിലോടുന്ന കെ.എൽ 13 ടി 9333 രാഗം, കെ.എൽ. എ.ഇ 4713 അൽസബ ബസ്സുകളിലെ ജീവനക്കാരാണ് രാത്രി എട്ടു മണിയോടെ പെരുമണ്ണ ബസ് ടെർമിനലിൽവെച്ച് വഴക്കിട്ട് ബസിെൻറ ചില്ലുകൾ അടിച്ചു പൊട്ടിച്ചത്.
രാത്രി 7.15നും 7.25 നുമാണ് രണ്ട് ബസുകളും കോഴിക്കോടുനിന്ന് ട്രിപ്പെടുക്കുന്നത്. ഒരാഴ്ചയോളമായി ഇരു ബസ്സുകളും രാത്രിയിൽ മത്സരിച്ച് ഓടിച്ച് റോഡിൽ ഭീതി സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വ്യാഴാഴ്ച രാത്രി രണ്ട് ബസുകളും അപകടകരമായ രീതിയിൽ മത്സരിച്ചോടി വഴിയിൽ പല സ്ഥലത്ത് വെച്ചും സംഘർഷം സൃഷ്ടിച്ചിരുന്നു. തുടർന്ന് പെരുമണ്ണ ബസ് ടെർമിനലിനകത്ത് പ്രവേശിച്ച ഉടനെയാണ് ജീവനക്കാർ പരസ്പരം ഇരു ബസ്സുകളുടേയും ചില്ലുകൾ പൂർണ്ണമായും തല്ലിത്തകർത്തത്.
ഗ്രാമ പഞ്ചായത്ത് കാര്യാലയവും കൃഷിഭവനുമുൾപ്പടെ നിരവധി സ്ഥാപനങ്ങളിലേക്ക് ആളുകൾ വരുന്ന വഴിയിലാണ് ചില്ല് ചിതറി കിടന്നത്. ഇത് വാരി ഒഴിവാക്കാതെ വാഹനങ്ങൾ മാറ്റാനനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തതോടെ പൊലീസ് ബസ് തൊഴിലാളികളെ ഉപയോഗിച്ച് ചിതറി കിടന്ന ചില്ലുകൾ വാരിച്ചു.
പത്ത് വർഷത്തോളമായി പെരുമണ്ണ - സിറ്റി റൂട്ടിൽ ബസ് ഉടമകളുടെ കൂട്ടായ്മയായ മൈ ബസ്സിന് കീഴിലായിരുന്നു ബസുകൾ സർവീസ് നടത്തിയിരുന്നത്. കോവിഡിനെ തുടർന്ന് ഈ കൂട്ടായ്മ തകർന്നതോടെയാണ് റൂട്ടിൽ മത്സര ഓട്ടം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.