ഗ്രീൻ ഫീൽഡ് ഹൈവേ: ഇരകളുടെ ആശങ്കകൾക്ക് ആര് മറുപടി പറയും?
text_fieldsപന്തീരാങ്കാവ്: പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നടപടികൾ പുരോഗമിക്കുമ്പോഴും കിടപ്പാടം നഷ്ടമാവുന്നവരുടെ ആശങ്കകൾക്ക് മറുപടി ലഭിക്കുന്നില്ല. പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരമല്ല റോഡിന് അടയാളമിടുന്നതെന്ന വിമർശനവും പ്രതിഷേധവുമുയരുമ്പോഴും ഇരകളുയർത്തുന്ന സംശയങ്ങൾക്ക് വ്യക്തത നൽകാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽനിന്ന് വലിയ മാറ്റം വരുത്തിയാണ് പെരുമണ്ണയിലെ അമ്പിലോളി, അരമ്പച്ചാലിൽ ഭാഗത്ത് അടയാളമിട്ടതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് പരാതി നൽകിയിരുന്നു. വിജ്ഞാപനത്തിന് വിരുദ്ധമായി സർക്കാറിനും ജനങ്ങൾക്കും വലിയ നഷ്ടം സംഭവിക്കുന്ന രീതിയിലാണ് അടയാളപ്പെടുത്തൽ നടക്കുന്നത്. ഇതിലെ അശാസ്ത്രീയത ചൂണ്ടിക്കാണിക്കുമ്പോഴും സാറ്റലൈറ്റ് സർവേയെ പഴിചാരി രക്ഷപ്പെടുകയാണ് അധികൃതർ ചെയ്യുന്നതെന്നാണ് പരാതി.
പ്രതിഷേധമുയർന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കല്ലിടൽ നിർത്തിവെച്ചിരുന്നു. ദേശീയപാത അധികൃതർകൂടി എത്തിയിട്ടേ ഇവിടെ സർവേ തുടരൂ എന്നാണ് അധികൃതർ നാട്ടുകാരോട് പറഞ്ഞത്. സർവേയുടെ പ്രാരംഭ ഘട്ടം മുതൽ അന്തർ സംസ്ഥാന തൊഴിലാളികളാണ് അടയാളപ്പെടുത്തൽ നടത്തിയത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മലയാളികളായ ആരും ഇവർക്കൊപ്പമുണ്ടായിരുന്നില്ല.
ആർക്കൊക്കെ, എത്രയാണ് നഷ്ടപരിഹാരം?
പാതമൂലം കിടപ്പാടവും കെട്ടിടങ്ങളും നഷ്ടമാവുന്നവർക്ക് എത്ര തുക ലഭിക്കും, എത്ര സമയംകൊണ്ട് നഷ്ടപരിഹാരം ലഭിക്കും, കുടിയിറക്കപ്പെടുന്നവർ എവിടെ താമസിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഇനിയും ലഭിച്ചിട്ടില്ല. എല്ലാം കേന്ദ്രത്തിന്റെ പുതിയ നഷ്ടപരിഹാര പാക്കേജിന് അനുസൃതമായി എന്ന ഒഴുക്കൻ മറുപടിയാണുള്ളത്. പെരുമണ്ണയിലും ഒളവണ്ണയിലുമാണ് വികസനം നടക്കുന്നത്. പെരുമണ്ണയിൽ രണ്ടിടങ്ങളിലായി രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയിൽ 100ലധികം പേരാണ് പങ്കെടുത്തത്. ഇതിൽ പകുതിയിലധികം പേർക്കും കിടപ്പാടവും തൊഴിൽ സാഹചര്യങ്ങളും നഷ്ടമാവുന്നവരാണ്.
പെരുമണ്ണയിൽ വലിയ കെട്ടിടങ്ങളെ നഷ്ടപ്പെടുത്തി, അങ്ങാടിയെ പിളർത്തിയാണ് പാത പോവുന്നത്. മറ്റു ജില്ലകളിലൊന്നും ഇങ്ങനെ ഒരു അങ്ങാടിയെ നശിപ്പിച്ച് പാത പോവുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, 3 എ വിജ്ഞാപനം വന്നിട്ടും നിർദിഷ്ട പാതയെ കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ കെട്ടിട അനുമതികൾ നൽകുന്നതിനെ കുറിച്ച് ഗ്രാമപഞ്ചായത്തിനും തീരുമാനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച ഇരകളുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ജില്ല ഭരണകൂടമോ ജനപ്രതിനിധികളോ ഇതുവരെ മുൻകൈ എടുത്തിട്ടില്ല.
അടയാളമിട്ട അലൈൻമെന്റിൽ മാറ്റം വരുമെന്നും ഇല്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണ് ഉദ്യോഗസ്ഥരിൽനിന്ന് ഇവർക്ക് അനൗദ്യോഗികമായി ലഭിക്കുന്നത്. നിനച്ചിരിക്കാതെ സ്വന്തം വീട്ടുമുറ്റത്ത് ദേശീയപാതയുടെ അടയാളമിടുമ്പോഴും ഇരകളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ആർക്കാണെന്ന ചോദ്യത്തിന് മറുപടിയില്ല.
ഗ്രാമപഞ്ചായത്തിന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇരകളുടെ ആശങ്ക അകറ്റാൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് യോഗം വിളിക്കാൻ മുൻകൈ എടുക്കുമെന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് പറഞ്ഞു.
വിജ്ഞാപനത്തിൽ എങ്ങനെ മാറ്റം വന്നെന്നും ഇരകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ചും വ്യക്തമായ ഔദ്യോഗിക വിശദീകരണം വേണമെന്ന് ഗ്രീൻ ഫീൽഡ് അമ്പിലോളി -അരമ്പച്ചാലിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ടി. മൂസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.