ഹരിതപാത: നഷ്ടപരിഹാരം ലഭിക്കാൻ ആര് കനിയണം?
text_fieldsപന്തീരാങ്കാവ്: നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹരിതപാതക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്കായുള്ള നഷ്ടപരിഹാര വിതരണം വൈകുന്നത് ഇരകളെ പെരുവഴിയിലാക്കുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനു മുമ്പുതന്നെ അധികൃതർക്ക് ഭൂരേഖകൾ കൈമാറി, പുതിയ താമസ സ്ഥലത്തിനായി മുൻകൂർ പണം നൽകിയവരും, സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നവരുമാണ് നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള കാലതാമസം മൂലം ദുരിതത്തിലായത്.
ജില്ലയിൽ 360ഓളം പേർക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. 650 കോടിയോളം രൂപയാണ് ഇതിന് കണക്കാക്കുന്നത്. എന്നാൽ, 156 കോടി മാത്രമാണ് നിലവിൽ ഫണ്ട് അനുവദിക്കപ്പെട്ടത്. ആ തുക പോലും വിതരണംചെയ്തിട്ടില്ല. വെറും 13 പേർക്ക് മാത്രമാണ് ആഴ്ചകൾക്ക് മുമ്പ് അക്കൗണ്ടിൽ പണമെത്തിയത്.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡെപ്യൂട്ടി കലക്ടർ വിരമിച്ചതോടെയാണ് തുടർനടപടികൾ വൈകിയതെന്ന് ഇരകൾ പറയുന്നു. വീട് നഷ്ടമാവുന്ന പലരും അഞ്ചും ആറും മാസത്തെ കാലാവധിയിൽ കരാറെഴുതി പുതിയ സ്ഥലത്തിന് മുൻകൂർ പണം നൽകിയെങ്കിലും പറഞ്ഞ സമയത്ത് ബാക്കി പണം നൽകാൻ കഴിയാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവരിൽ പലരും നൽകിയ മുൻകൂർ തുകപോലും നഷ്ടമാവുമെന്ന ആശങ്കയിലാണ്.
വീട് നഷ്ടപ്പെടുന്നവരുടെ പുരയിടത്തിന്റെ തുകയുടെ ആദ്യഗഡു മാത്രമാണ് ലഭിക്കുന്നത്. വീട് ഒഴിഞ്ഞ ശേഷമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. പുതിയ വീട് നിർമിക്കാനും സ്ഥലം വാങ്ങാനുമെല്ലാം ഭൂമി നഷ്ടപ്പെടുന്നവർ പണം വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്.
സമീപ പ്രദേശങ്ങളിൽ ഭൂമിയുടെ വില ഉയർന്നതും ഇരകൾക്ക് അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നുണ്ട്. ഒളവണ്ണയിലെ കൂടത്തുംപാറ മുതൽ പെരുമണ്ണ വില്ലേജിലെ പുറ്റേക്കടവ് വരെ ഏഴ് കിലോമീറ്ററിൽ താഴെ ദൂരപരിധിയിൽ മാത്രമാണ് കോഴിക്കോട് ജില്ലയിൽ ഹരിതപാതയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.