അഞ്ചു പേർക്കായി ജീവൻ പകുത്തുനൽകി; ഹരിദാസൻ യാത്ര പറഞ്ഞു
text_fieldsപന്തീരാങ്കാവ്: ഹരിദാസൻ പകുത്തുനൽകിയ ജീവൻ അഞ്ചു പേരിൽ തുടിക്കുമ്പോൾ ബാക്കിയാവുന്നത് ഒരു കുടുംബത്തിെൻറ നിശ്ചയദാർഢ്യം. പാളയം പച്ചക്കറി മാർക്കറ്റിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന പന്തീരാങ്കാവ് ചെറുകാട് കുന്ന് ഹരിദാസനാണ് (60) കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ച ഹരിദാസന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഭാര്യ കോമളവും മക്കളായ നിനു ലാലും മനു ലാലും അവയവദാനത്തിന് സമ്മതം നൽകി. ശബരിമലക്കു പോകാൻ മാലയിട്ട് കാത്തിരിക്കുന്നതിനിടയിലാണ് ഹരിദാസനെ വിധി തേടിയെത്തിയത്.
ഡോ. കെ. ഉമ്മർ, ഡോ. സി. രവീന്ദ്രൻ, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗാപ്രസാദ് എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ഹരിദാസന് മസ്തിഷ്കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചത്. തുടർന്ന് ഡോ. ശിവകുമാർ, അവയവദാനത്തിെൻറ സാധ്യതകളെക്കുറിച്ച് ഹരിദാസെൻറ കുടുംബത്തോട് സംസാരിക്കുകയും അവർ സന്നദ്ധത അറിയിക്കുകയുമായിരുന്നു. കേരള സർക്കാറിെൻറ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് യോഗ്യരായ സ്വീകർത്താക്കളെ കണ്ടെത്തി.
ഹരിദാസെൻറ അവയവങ്ങൾ അഞ്ചു പേർക്കാണ് പുതുജീവിതമേകുക. തലശ്ശേരിയിൽനിന്നുള്ള 47കാരന് ഒരു കരൾ മാറ്റിവെച്ചു. ബേബി മെമ്മോറിയലിലെ ഡോ. ശൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം.സി, ഡോ. ബിജു ഐ.കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട്ടുനിന്നുള്ള 37കാരിക്ക് ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലിയും ഡോ. പി. ജയമീനയും ചേർന്ന് വൃക്ക മാറ്റിവെച്ചു. രണ്ടാമത്തെ വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു നൽകി. ട്രാൻസ്പ്ലാൻറ് കോഓഡിനേറ്റർ നിതിൻരാജും അജേഷും ചേർന്നാണ് മൃതസഞ്ജീവനിയുമായുള്ള ഏകോപനം നിർവഹിച്ചത്. ഹരിദാസെൻറ മൃതദേഹം വെള്ളിയാഴ്ച രാവിലെ മാങ്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.