പെരുമണ്ണയിൽ വീടു കയറി ആക്രമണം; പിതാവിനും മകനും വെട്ടേറ്റു
text_fieldsപന്തീരാങ്കാവ്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ നേതൃത്വത്തിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ മകനും പിതാവിനും പരിക്കേറ്റു. പെരുമണ്ണക്ക് മുണ്ടുപാലം മാർച്ചാല്‍ വളയംപറമ്പില്‍ അബൂബക്കർ (55), മകനായ ഷാഫിർ (26) എന്നിവർക്കാണ് വെട്ടേറ്റത്. പെരുമണ്ണ മുണ്ടുപാലം വളയം പറമ്പ് ഷനൂബ് (42), സുഹൃത്തുക്കളായ പന്തീരാങ്കാവ് വള്ളിക്കുന്ന് വെൺമയത്ത് രാഹുൽ (35), പന്തീരാങ്കാവ് പന്നിയൂർകുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരെ കൊലപാതക ശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മയക്കുമരുന്ന് ഉപയോഗമുള്ള ഷനൂബിന്റെ സംശയവും തെറ്റിദ്ധാരണയുമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഭവം. പുലർച്ച വാതിലിൽ മുട്ടിയ അക്രമികൾ ഷാഫിർ പുറത്തുവന്ന ഉടനെ വെട്ടുകയായിരുന്നു. കൈകള്‍ക്കും കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ബുള്ളറ്റില്‍ പോകുന്ന ആളാണോ എന്ന് ചോദിച്ചാണ് മുഖംമൂടി ധരിച്ച മൂന്നംഗ സംഘം വെട്ടിയത്. മകനെ വെട്ടുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് അബൂബക്കറിന് വെട്ടേറ്റത്. മീഞ്ചന്ത സ്വദേശികളായ അബൂബക്കറും ഭാര്യയും മകനും മൂന്ന് മാസത്തോളമായി മുണ്ടുപാലത്തെ വാടകവീട്ടിലാണ് താമസം. ആരേയും സംശയമില്ലാത്തതിനാൽ പരിക്കേറ്റവർക്ക് പ്രതികളെക്കുറിച്ച് സൂചന ഒന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിനിടയാക്കിയ കാരണമൊന്നുമില്ലാത്തതിനാൽ പൊലീസിനും പ്രതികളിലേക്കെത്തുക പ്രയാസമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും പിന്തുടർന്നാണ് മണിക്കൂറുകൾക്കകം പൊലീസ് പ്രതികളിലേക്ക് എത്തിയത്. ഷനൂബ് പന്തീരാങ്കാവിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പരിക്കേറ്റവരുടെ അയൽവാസിയുമാണ്. രാത്രി ഒരുമണിയോടെ വീട്ടിലേക്ക് വരുമ്പോൾ പ്രതികൾ ഷാഫിറിനെ പിന്തുടർന്നിരുന്നു. തുടർന്നാണ് ആക്രമണം നടത്തിയത്. വെട്ടേറ്റ അബൂബക്കർ മുച്ചക്ര വാഹനത്തിൽ പഴങ്ങൾ വിൽപന നടത്തുകയാണ്. ഷാഫിർ കോഴിക്കോട്- വേങ്ങര റൂട്ടിൽ ബസ് കണ്ടക്ടറാണ്. ഡെപ്യൂട്ടി പൊലീസ് കമീഷണർ അനൂജ് പലിവാളിന്റെ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും, ഫറോക്ക് അസി. കമീഷണർ സജു എബ്രഹാമിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് ഇൻസ്പെക്ടർ വിനോദ്കുമാറും സംഘവുമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.