വെള്ളായിക്കോട്-മൂളപ്പുറം കടവ് ഇനി ജങ്കാറിൽ കടക്കാം; നാളെ ഉദ്ഘാടനം
text_fieldsപന്തീരാങ്കാവ്: കടത്തുതോണി നിലച്ച വെള്ളായിക്കോട്-മൂളപ്പുറംകടവിൽ ബുധനാഴ്ച മുതൽ യാത്രക്കാർക്ക് ജങ്കാറിൽ പുഴ കടക്കാം. നേരത്തേ എളമരം കടവിൽ സർവിസ് നടത്തിയിരുന്ന ബോട്ടിലാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ കടവിൽ യാത്രയൊരുക്കുന്നത്.
1994 ജനുവരി 26ന് ആറുപേർ മരിച്ച അപകടത്തെ തുടർന്നാണ് ഇവിടെ കടത്തുതോണി നിലച്ചത്. പിന്നീട് സ്വകാര്യ വ്യക്തികൾ പല സമയങ്ങളിലായി കടത്തുതോണി പരീക്ഷിച്ചെങ്കിലും വഴിയിലുപേക്ഷിക്കുകയായിരുന്നു. എളമരം സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇവിടെ യാത്രസൗകര്യത്തിന് എത്തുന്നത്.
ഒരേസമയം 14 ബൈക്കുകൾക്കും അതിലെ യാത്രക്കാർക്കും പുഴ കടക്കാനാവും. യാത്രക്കാർക്ക് ഒറ്റത്തവണ 10 രൂപയും ബൈക്കിന് 5 രൂപയുമാണ് ഈടാക്കുക. രണ്ട് എൻജിനുകളുള്ള ബോട്ടാണ് ഇവിടെ ഉപയോഗിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാണ് സർവിസുണ്ടാവുക.
പെരുമണ്ണ, പെരുവയൽ, തിരുത്തിയാട്, കക്കോവ്, കാരാട് ഭാഗങ്ങളിലുള്ളവർക്ക് ഇരുഭാഗങ്ങളിലേക്കും വളരെ വേഗമെത്തുന്നതിന് ജങ്കാർ സഹായകമാവും. ദേശീയ പാത പ്രവൃത്തികളുടെ ഭാഗമായി രാമനാട്ടുകര, പന്തീരാങ്കാവ്, പാലാഴി ജങ്ഷനുകളിലെ നിരന്തരമായ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനും ഒരളവോളം ജങ്കാർ സഹായിക്കുമെന്നാണ് കരുതുന്നത്.
മെഡിക്കൽ കോളജിലേക്കും ഫാറൂഖ് കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വിദ്യാർഥികൾക്ക് ഇത് വലിയ ആശ്വാസമാണ്. പെരുമണ്ണ ഗ്രാമപഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ചേർന്ന് വെള്ളായിക്കോട് കടവിൽ നടപ്പാക്കുന്ന ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും ജങ്കാർ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളായിക്കോട് കടവിൽ നടക്കുന്ന ഉദ്ഘാടനത്തിൽ ഇരു ഗ്രാമ പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.