ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: നിയമ നടപടിയുമായി ഇരകൾ
text_fieldsപന്തീരാങ്കാവ്: നിക്ഷേപകരുടെ ലക്ഷങ്ങൾ വെട്ടിച്ച് കടന്ന ജ്വല്ലറി ഉടമക്കെതിരെ ഇരകൾ നിയമ നടപടിക്ക്. പെരുമണ്ണ എൽ.പി.സ്കൂളിന് സമീപമുള്ള ബാവാസ് ജ്വല്ലറി വർക്സ് ഉടമ കൊമ്മനാരി ഹുസൈനെതിരെയാണ് പന്തീരാങ്കാവ് പൊലീസിൽ പരാതി ലഭിച്ചത്. വീട് നിർമാണത്തിന് വേണ്ടി സ്വരൂപിച്ച പണം ജ്വല്ലറിയിൽ നിക്ഷേപിച്ച് നഷ്ടമായ മുണ്ടുപാലം സ്വദേശിയാണ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയത്. കരാർ ഒപ്പിട്ട് നൽകിയ ശേഷമാണ് ഇയാൾ പണം നിക്ഷേപിച്ചത്. അഞ്ച് മാസത്തെ കാലയളവിലാണ് നിക്ഷേപം നൽകിയത്.
പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാൻ ലക്ഷങ്ങൾ നിക്ഷേപിച്ചവരും കൈയിലുള്ള പണം ജ്വല്ലറിയിൽ നൽകി മാസാന്ത തുക വാങ്ങി അത് കൊണ്ട് വീട്ടുവാടക നൽകിയിരുന്നവരുമടക്കം നിരവധി പേർ ആശങ്കയിലാണ്. ഇവരിൽ ചിലർ നിയമ നടപടിയുമായി മുന്നോട്ട് പോവുന്നുണ്ട്.
വിവാഹ സമയത്ത് സ്വർണം വാങ്ങാൻ പലരും ഒരു രേഖയുമില്ലാതെയാണ് പണം നൽകിയത്. പഴയ സ്വർണം പുതുക്കാൻ വേണ്ടി നൽകിയവരുമുണ്ട്. നിരവധി സാധാരണക്കാരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. മതിയായ രേഖകൾ നൽകാതെയാണ് സ്ത്രീകളടക്കമുള്ള നിരവധി സാധാരണക്കാരെ ജ്വല്ലറി ഉടമ വഞ്ചിച്ചത്. എങ്ങനെ നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്ന ആശങ്കയും ഇത്തരക്കാർക്കുണ്ട്.മൂന്ന് കോടിയിലധികം രൂപ നിക്ഷേപകർക്ക് നഷ്ടമായിട്ടുണ്ടെന്നാണ് കരുതുന്നത്. വലിയ സംഖ്യ നഷ്ടമായ പലരും പുറത്ത് പറയുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.