അവർ കളിക്കൂട്ടുകാർ; കടലാഴങ്ങളിൽ കാണാമറയത്ത്...
text_fieldsപന്തീരാങ്കാവ്: പഠന മികവിനിടയിലും നെഞ്ചിലേറ്റുന്ന കാൽപന്ത് ആവേശത്തിലാണവർ അതിരാവിലെ തന്നെ ബീച്ചിലെ മണൽ പരപ്പിലേക്ക് ഓടിയത്. അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന കളിക്കൂട്ടുകാർ, വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നതെങ്കിലും സ്കൂൾ സമയം കഴിഞ്ഞാൽ അവർ ഒന്നിച്ചായിരുന്നു.
കോഴിക്കോട് ബീച്ചിലെ തിരമാലകൾക്കിടയിൽ പെട്ട് കടലാഴങ്ങളിലെ കാണാമറയത്തേക്ക് യാത്രപോയതും മുഹമ്മദ് ആദിലും (18), ആദിൽ ഹസനും (16) ഒന്നിച്ചുതന്നെ. ഒളവണ്ണ കൊടിനാട്ടമുക്ക് ചെറുകരയിൽ അടുത്തടുത്ത വീടുകളിലുള്ളവരാണ് ഇരുവരും.
സാമൂതിരി ഹയർ സെക്കൻഡറിയിൽ നിന്ന് കോമേഴ്സിൽ പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ.പി. മുഹമ്മദ് ആദിൽ ബിരുദ പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു. മീഞ്ചന്ത ഗവ. ഹയർ സെക്കൻഡറിയിൽ നിന്ന് എസ്.എസ്.എൽ.സിക്ക് നല്ല മാർക്ക് വാങ്ങി വിജയിച്ച ആദിൽ ഹസനും ഉപരിപഠനത്തിനുള്ള ഒരുക്കത്തിനിടയിലാണ് അപകടം നടന്നത്.
ഞായറാഴ്ച ബീച്ചിൽ കളിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന നദീറും (17) തിരമാലകളിൽപെട്ടെങ്കിലും തൊട്ടടുത്ത് കളിച്ചിരുന്നവർ രക്ഷപ്പെടുത്തി. നദീറും അടുത്ത വീട്ടിൽ തന്നെയാണ് താമസം. രാവിലെ 8.30ഓടെയാണ് കോഴിക്കോട് ലയൺസ് പാർക്കിന് സമീപം മൂവരും അപകടത്തിൽപെട്ടത്. ഇടക്കിടെ വീട്ടുകാരുടെ സമ്മതത്തോടെ ഇവിടെ കളിക്കാൻ പോവാറുള്ളതാണ്. കടലിലേക്ക് തെറിച്ചുപോയ ബാൾ എടുക്കാനുള്ള ശ്രമത്തിലാണ് മൂവരും അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.