നാട് നന്നാക്കാൻ കുഞ്ഞിമൂസ ഒറ്റക്കാണ്
text_fieldsപന്തീരാങ്കാവ്: നാട് നന്നാക്കാൻ ആരെയും കാത്തിരിക്കേണ്ടതില്ലെന്നാണ് കുഞ്ഞിമൂസയുടെ നിലപാട്. അതുകൊണ്ടാണ് കാടുപിടിച്ച്, മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമായ റോഡ് ഒറ്റക്ക് വൃത്തിയാക്കാനിറങ്ങിയത്.
പെരുമണ്ണ തെക്കേ പാടം റോഡിൽ കുളങ്ങര തരിപ്പ മുതലുള്ള ഭാഗത്തെ റോഡ് പലയിടങ്ങളിലും കാടു നിറഞ്ഞും മാലിന്യം ചാക്കിൽ കെട്ടി തള്ളിയും വൃത്തിഹീനമായിരുന്നു. കാൽനട പോലും പ്രയാസമായതോടെയാണ് തെക്കേപാടം ചെറിയപറമ്പത്ത് കുഞ്ഞിമൂസ (62) റോഡ് നന്നാക്കാനിറങ്ങിയത്.
രാവിലെ ആറു മണിയോടെ കൈക്കോട്ടുമായി കുഞ്ഞിമൂസ റോഡിലേക്കിറങ്ങും. തുടർന്ന് വെയിലിന് ചൂടാവുംവരെ സേവനത്തിലാണ്. റോഡരികിലെ കാട് പിടിച്ചയിടമെല്ലാം ചെത്തി വൃത്തിയാക്കിയേ വീട്ടിലേക്ക് മടങ്ങൂ. ഒരു മാസത്തോളമായി സേവനം തുടങ്ങിയിട്ട്.
കഴിഞ്ഞ വർഷവും കുഞ്ഞിമൂസ റോഡ് വൃത്തിയാക്കാനിറങ്ങിയിരുന്നു. ഓൾ ഫ്രൻ്ഡ്സ് തെക്കേപാടം, മാവിൻ ചോട്ടിൽ കൂട്ടുകാർ തുടങ്ങിയവയുടെ നേതൃത്വത്തിൽ കുറച്ച് ഭാഗത്ത് റോഡരികിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ട് പരിപാലിക്കുന്നുണ്ട്. റോഡരികിലെ ഈ സൗന്ദര്യവത്കരണം നശിക്കാതെ നിലനിർത്തുന്നത് കുഞ്ഞിമൂസയുടെ സേവനം കൊണ്ടാണ്. പ്രഭാതസവാരിക്കിറങ്ങുന്നവർ റോഡരികിലെ കാടുപിടിച്ച ഭാഗത്തുകൂടി ഇഴജന്തുക്കളെ ഭയന്ന് നടക്കണമായിരുന്നു.
റോഡരിക് വൃത്തിയാക്കിയതോടെ കാൽനടക്കാർക്കാണ് ഏറ്റവും ആശ്വാസമായത്. നേരത്തേ ലോറിയിൽ ഡ്രൈവറായിരുന്ന കുഞ്ഞിമൂസ ഡ്രൈവിങ് നിർത്തി ഇടക്ക് പെരുമണ്ണയിലെ പച്ചക്കറി കടയിൽ ജോലിക്ക് പോയിരുന്നു. ലോക് ഡൗൺ തുടങ്ങിയതോടെയാണ് ആ ജോലി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.