പരേതർ പെൻഷൻ 'കൈപ്പറ്റി'; ബാങ്ക് ജീവനക്കാരനെതിരെ നടപടി
text_fieldsപന്തീരാങ്കാവ്: മരിച്ചയാളുടെ പേരിൽ ഒമ്പത് മാസത്തോളം ബാങ്ക് കലക്ഷൻ ഏജൻറ് ക്ഷേമ പെൻഷൻ തട്ടിയെടുത്തതായി പരാതി. വിവാദമായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാർധക്യ പെൻഷൻ വാങ്ങുന്നവരുൾപ്പെടെ പലരുടെയും പണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നു.
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ പെൻഷൻ ലഭിച്ചിരുന്ന പാറോൽ സരോജിനിയുടെ പേരിലുള്ള പെൻഷനാണ് ഒമ്പതു മാസത്തോളം കലക്ഷൻ ഏജൻറ് തട്ടിയെടുത്തത്. 2020 ഒക്ടോബറിൽ സരോജിനി മരിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ ബന്ധുക്കൾ ഗ്രാമ പഞ്ചായത്തിൽനിന്ന് മരണ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകി വാങ്ങുകയും ചെയ്തു. സരോജിനിയുടെ മരണശേഷം വീട്ടിലേക്കുള്ള പെൻഷൻ നിലച്ചിരുന്നു.
ആഴ്ചകൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് അധികൃതർ സരോജിനിയുടെ ബന്ധുക്കളെ വിളിച്ച് അനധികൃതമായി കൈപ്പറ്റിയ തുക തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് അമ്മയുടെ മരണശേഷവും പെൻഷൻ വിതരണം ചെയ്തിട്ടുണ്ടെന്ന വിവരം മക്കൾ അറിയുന്നത്. പെൻഷൻ തങ്ങൾ വാങ്ങുന്നില്ലെന്ന ബന്ധുക്കളുടെ മറുപടിയെ തുടർന്നാണ് ഒമ്പത് മാസമായി പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത പണം കലക്ഷൻ ഏജൻറ് തട്ടിയതായി ബോധ്യമായത്.
വർഷങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്ന വാർധക്യ പെൻഷൻ മുടങ്ങിയതായി നിർധനരായ മറ്റ് ചിലരും പരാതിയുമായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. വിവാദമായതോടെ ഏജൻറ് കൈപ്പറ്റിയ തുക തിരികെ അടച്ച് തലയൂരാൻ ശ്രമം നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് നൽകിയ കാരണം കാണിക്കൽ നോട്ടീസിനെ തുടർന്ന് ബാങ്ക് അധികൃതർ കലക്ഷൻ ഏജൻറ് കോട്ടായി ഗോപാലകൃഷ്ണനെ സേവനത്തിൽനിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായും തുടർനടപടികൾ കൈക്കൊള്ളുമെന്നും പെരുമണ്ണ സർവിസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.