ദുരന്തത്തിന്റെ കണ്ണീരോർമയിൽ നാട്; ചാലിയാറിൽ പാലത്തിനായി ജനകീയസദസ്സ്
text_fieldsപന്തീരാങ്കാവ്: ആറു പേർ മരണപ്പെട്ട തോണിയപകടത്തിന്റെ കണ്ണീരോർമയിൽ പുഴക്കിരുപുറവുമുള്ളവർ ചേർന്ന് ജനകീയ സദസ്സും പ്രതീകാത്മക പാലവും പണിതു.
1994 ജനുവരി 26ന് വിവാഹസംഘം സഞ്ചരിച്ച തോണിമറിഞ്ഞ് വരനോടൊപ്പമുള്ള ആറുപേർ മരണപ്പെട്ട അപകടത്തിന്റെ ഓർമയിലാണ് 29ാം വർഷത്തിൽ പുഴക്കിരുപുറവുമുള്ള നാട്ടുകാരും ജനപ്രതിനിധികളും വെള്ളായിക്കോട് മൂളപ്പുറം പാലം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒന്നിച്ചത്.
അപകടത്തെ തുടർന്ന് ഇരു ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലം പണിയണമെന്ന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. നാട്ടുകാരുടെ മുറവിളിയെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് ഇരുകരകളിലും മണ്ണ് പരിശോധനയും തുടർന്ന് ബജറ്റിൽ തുകയും വകയിരുത്തിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല.
പാലക്കാട്-കോഴിക്കോട് ഹരിതപാതയുടെ ഭാഗമായി ചാലിയാറിൽ നിർമിക്കുന്ന പാലത്തിലേക്ക് പ്രാദേശികമായ പ്രവേശനം അനുവദിക്കില്ലെന്ന ആശങ്കയെ തുടർന്നാണ് മലപ്പുറം-കോഴിക്കോട് ജില്ലകളിലെ മൂളപ്പുറത്തെയും വെള്ളായിക്കോടിനെയും ബന്ധിപ്പിക്കുന്ന പാലം നിർമിക്കണമെന്ന് ആവശ്യമുയരുന്നത്.
ജനകീയ സദസ്സ് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവൻ മുഖ്യാതിഥിയായി. ആക്ഷൻ കമ്മിറ്റി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.
സി. ഉഷ, എം.എ. പ്രതീഷ്, റാഷിദ ഫൗലത്ത്, വി.പി. കബീർ, എം.എ. പ്രഭാകരൻ, എം.പി. മജീദ്, കെ.പി. രാജൻ, എൻ.കെ. റംല, കെ.കെ. ഷമീർ, എം.എം. അബ്ദുറഹ്മാൻ ഹാജി, ഐ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. മൂസ ഫൗലദ് സ്വാഗതവും കെ. കുഞ്ഞി മൊയ്തീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.