ദേശീയപാത വികസനം: മൂന്ന് അടിപ്പാതകൾക്കു കൂടി നിർദേശം
text_fieldsപന്തീരാങ്കാവ്: നിർമാണം പുരോഗമിക്കുന്ന ദേശീയപാത ബൈപാസ് ആറുവരിപ്പാതയിൽ മൂന്നിടങ്ങളിൽ കൂടി അടിപ്പാത നിർമാണ അനുമതിക്കായി നിർദേശം സമർപ്പിക്കാൻ തീരുമാനം.
നിർമാണം പൂർത്തിയാവുന്നതോടെ റോഡിന് ഇരു ഭാഗത്തേക്കും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്നുയർന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ എം.കെ. രാഘവൻ എം.പിയും ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ കേട്ടിരുന്നു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി എം.കെ. രാഘവൻ എം.പി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് ദേശീയ പാത റീജനൽ ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം എം.പിയോടൊപ്പം ബൈപാസിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.
സന്ദർശനത്തിനു ശേഷം വ്യാഴാഴ്ച രാവിലെ നടത്തിയ ചർച്ചയിലാണ് കഴിഞ്ഞ ദിവസം സന്ദർശിച്ച മൂന്നിടങ്ങളിലും അടിപ്പാത പരിഗണിക്കാവുന്നതാണെന്ന തീരുമാനമുണ്ടായത്. മൊകവൂർ, വഴിപോക്ക്, പാറമ്മൽ എന്നിവിടങ്ങളിലാണ് അടിപ്പാതക്ക് നിർദേശമുയർന്നത്. മഴക്കാലത്ത് വെള്ളപ്പൊക്ക സമാന സാഹചര്യം നേരിടുന്ന പന്തീരാങ്കാവ് ഭാഗത്തെ
ഓവുചാൽ സംവിധാനം വിപുലപ്പെടുത്തുക, ഹൈലൈറ്റ് മാളിന് അടുത്തുള്ള മേൽപാലത്തിന്റെ സർവിസ് റോഡിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനുമുള്ള നടപടികൾ തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തി റിപ്പോർട്ട് മന്ത്രാലയത്തിന് കൈമാറും.
യോഗത്തിൽ എം.കെ. രാഘവൻ എം.പി.യെ കൂടാതെ ദേശീയപാത കേരള റീജനൽ ഓഫിസർ ബി.എൽ. മീണ, പ്രോജക്ട് ഡയറക്ടർ അഭിഷേക് വർഗീസ്, ദേശീയപാത അതോറിറ്റി എൻജിനീയർ പ്രഭാകരൻ, എക്സിക്യൂട്ടിവ് എൻജിനീയർ ശശികുമാർ, നിർമാണ കമ്പനിയായ കെ.എം.സി പ്രോജക്ട് ഡയറക്ടർ ദേവരാജ് റെഡ്ഡി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.