പെരുമണ്ണ ചാലിയാർ തീരത്തെ കൈയേറ്റം ഒഴിപ്പിക്കാനൊരുങ്ങി പഞ്ചായത്ത്
text_fieldsപന്തീരാങ്കാവ്: നാലുപതിറ്റാണ്ട് മുമ്പ് അനുകൂലവിധി ലഭിച്ച ഭൂമി ഏറ്റെടുക്കാനൊരുങ്ങി ഗ്രാമപഞ്ചായത്ത്. പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനെതിരെ 1980ൽ വന്ന വിധി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതിനെതിരെ കൈയേറ്റക്കാരൻ നൽകിയ അപ്പീൽ തള്ളി വീണ്ടും ഗ്രാമപഞ്ചായത്തിനനുകൂലമായി ജില്ല കോടതി വിധിവന്ന പെരുമണ്ണ വെള്ളായിക്കോട് ചാലിയാറിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയാണ് ഏറ്റെടുക്കാൻ നടപടി തുടങ്ങിയത്.
കൈയേറിയതിനെതിരെ 1980ലെ കോടതിവിധി പിന്നീടുവന്ന ഭരണസമിതികളോ ഉദ്യോഗസ്ഥരോ നടപ്പാക്കിയിരുന്നില്ല. 'മാധ്യമം' വാർത്തയെ തുടർന്നാണ് 2013ൽ ഭരണസമിതി വിധി നടപ്പാക്കിയത്. ഇതിനെതിരെയാണ് കൈയേറ്റക്കാരൻ കോടതിയെ സമീപിച്ചതും പഞ്ചായത്തിന് അനുകൂലമായി വിധി വന്നതും. തുള്ളത്ത് താഴം-കീഴ്പാടം തോടിനോട് ചേർന്നാണ് ഭൂമി. പുഴയോട് ചേർന്ന് 7.43 സെന്റ് സ്ഥലമാണ് കൈയേറിയത്.
തെക്കേപാടം മുതൽ ചുങ്കപ്പള്ളി വരെ പുഴയോരം സർവേ ചെയ്ത് കൈയേറ്റം കണ്ടെത്തണമെന്ന അപേക്ഷയെ തുടർന്ന് നടന്ന സർവേയിൽ കണ്ടെത്തിയ 34 സെന്റോളം ഭൂമിയും തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ഇവിടെ സർവേ പൂർത്തിയാക്കി കൈയേറ്റം കണ്ടെത്തിയ ഭൂമികളിലെ ഉടമകൾക്ക് അടുത്ത ദിവസം നോട്ടീസ് നൽകും.
ബാക്കിയുള്ള സ്ഥലങ്ങളിലും സർവേ പൂർത്തിയാക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. സർവേ പൂർത്തിയാക്കി കല്ലിട്ട സ്ഥലങ്ങളിൽനിന്ന് കല്ല് പിഴുതുമാറ്റിയതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്തിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.
വൈസ് പ്രസിഡന്റ് സി. ഉഷ, വി.പി. കബീർ, സെക്രട്ടറി എൻ.ആർ. രാധിക, ഷമീദ്, റാഫി എന്നിവരാണ് കൈയേറ്റ ഭൂമി സന്ദർശിച്ചത്. തുടർനടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.