സി.പി.എംസമ്മേളനത്തിൽ പന്തീരാങ്കാവ് യു.എ.പി.എ കേസ് ഉന്നയിച്ച് പ്രതിനിധികൾ
text_fieldsപന്തീരാങ്കാവ്: അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവം ചർച്ചയാക്കി സി.പി.എം സൗത്ത് ഏരിയ സമ്മേളനത്തിലെ പ്രതിനിധികൾ. താഹ ഫസലിന് ജാമ്യം നൽകുകയും അലൻ ഷുഹൈബിന് അനുവദിച്ച ജാമ്യം നിലനിർത്തുകയും ചെയ്ത സുപ്രീംകോടതി വിധി വന്ന് ഏതാനും ദിവസങ്ങൾക്കകം നടക്കുന്ന സമ്മേളനത്തിലാണ് ഇരുവരുടെയും ലോക്കൽ കമ്മിറ്റി ഉൾപ്പെടുന്ന ഭാഗത്തെ പ്രതിനിധികൾ ചോദ്യമുന്നയിച്ചത്. ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയപ്പോൾ പൊലീസിെൻറ ജാഗ്രത ക്കുറവിനെ കുറിച്ചു തുറന്ന് പറഞ്ഞ ജില്ല സെക്രട്ടറി പി. മോഹനൻ സമ്മേളനത്തിൽ മുഴുവൻ സമയവുമിരിക്കുമ്പോഴാണ് ചില അംഗങ്ങൾ അതേ ആശങ്ക പങ്കുവെച്ചത്.
മാവോ സാഹിത്യം കൈവശം വെച്ചെന്നും മുദ്രാവാക്യം വിളിച്ചെന്നും ആരോപിച്ച് 2019 നവംബറിലാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് പൊലീസ് ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത്. പൊലീസ് നടപടിക്കെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പ് ഉയർന്നു വരികയും ഡോ. തോമസ് ഐസക് അടക്കമുള്ളവർ ഇവരുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. അന്നത്തെ പാർട്ടി വികാരത്തിെൻറ പ്രതിഫലനമെന്ന നിലയിലാണ് പൊലീസിെൻറ ജാഗ്രതക്കുറവിനെ കുറിച്ച് പി. മോഹനൻ മാസ്റ്റർ പ്രതികരിച്ചിരുന്നത്.
സൗത്ത് സമ്മേളനത്തോടെ സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് തുടക്കം
കോഴിക്കോട്: സി.പി.എം ഏരിയ സമ്മേളനങ്ങൾക്ക് കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തോടെ തുടക്കം. മാങ്കാവ് മെട്രോൺ ഹാളിൽ ഒരുക്കിയ എം. ഭാസ്കരൻ നഗറിലാണ് സൗത്ത് ഏരിയ സമ്മേളനം ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി ഡിസംബർ 12 വരെയാണ് ജില്ലയിൽ ഏരിയ സമ്മേളന തീയതി നിശ്ചയിച്ചിരിക്കുന്നത്. സൗത്ത് സമ്മേളനം വ്യാഴാഴ്ച സമാപിച്ചാൽ ശനി, ഞായർ ദിവസങ്ങളിൽ ടൗൺ ഏരിയ സമ്മേളനങ്ങൾ നടക്കും. സൗത്ത് സമ്മേളനത്തിന് ഏരിയ കമ്മിറ്റി അംഗം നീലേരി രാജൻ പതാക ഉയർത്തി. 144 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഗ്രൂപ് ചർച്ച, പൊതുചർച്ച എന്നിവ ബുധനാഴ്ച പൂർത്തിയായി. ഭാരവാഹി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാബു പറശ്ശേരി, സി. ബാലു, കെ. നജ്മ എന്നിവരടങ്ങിയ പ്രസീഡിയത്തിനാണ് സമ്മേളന നിയന്ത്രണച്ചുമതല. ഏരിയ സെക്രട്ടറി ടി. ദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മേലടി നാരായണൻ രക്തസാക്ഷി പ്രമേയവും എൻ. മനോജ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ, ജില്ല സെക്രട്ടറിയറ്റ് അംഗം ടി.പി. ദാസൻ, മാമ്പറ്റ ശ്രീധരൻ, കെ. കുഞ്ഞമ്മദ്, ജോർജ് എം. തോമസ്, ജില്ല കമ്മിറ്റി അംഗം എം. ഗിരീഷ്, പി. നിഖിൽ, കെ. ദാമോദരൻ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.