കളംനിറഞ്ഞ്, മനംനിറഞ്ഞ്; വേഗമാനങ്ങൾ തീർത്ത് പെരുമണ്ണയിലെ കാളപൂട്ട്
text_fieldsപന്തീരാങ്കാവ്: മണ്ണും മനവുമൊന്നായി പൂട്ടുകണ്ടത്തിൽ ആവേശത്തിന്റെ പുതിയ വേഗമാനങ്ങൾ തീർത്ത് പെരുമണ്ണയിലെ കാളപൂട്ട് മത്സരം. നാടിന്റെ സംസ്കൃതിയുടെ അടയാളപ്പെടുത്തലായി മുല്ലവണ്ണ കാളപൂട്ട് കണ്ടത്തിൽ ഉയർന്ന ആരവങ്ങൾക്ക് സാക്ഷിയാകാൻ മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് പേരെത്തി.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പെരുമണ്ണ മുല്ലവണ്ണ കാളപൂട്ട് കണ്ടത്തിലൊരുക്കിയ മത്സരം ഒരിക്കൽകൂടി നാടിന്റെ ചരിത്രത്തിലിടം പിടിക്കുന്നതായി. കഴിഞ്ഞ ദിവസം ഇവിടെയൊരുക്കിയ കെട്ടിത്തൊളി മണ്ടിത്തൊളി മത്സരത്തിന് ദിവസങ്ങൾക്കകമാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത്.
ജനകീയ കാളപൂട്ട് കമ്മിറ്റി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 51 ജോടി കന്നുകളാണ് പങ്കെടുത്തത്. വഴിക്കടവ് പുല്ലാണി അഷ്‌റഫ് തണ്ണിക്കടവിന്റെ കാളകൾ ഒന്നാം സ്ഥാനം നേടി. കോട്ട ആലിക്കുട്ടി കുഴിമണ്ണ കീഴിശ്ശേരി ടീമിന്റെ കാളകൾ രണ്ടാം സ്ഥാനവും ഇളയേടത്ത് ഷാഫി കല്ലുങ്ങൽ പുല്ലൂര് ടീമിന്റെ കാളകൾ മൂന്നാം സ്ഥാനവും നേടി. രാവിലെ തുടങ്ങിയ മത്സരങ്ങൾ വൈകീട്ടാണ് അവസാനിച്ചത്.
പെരുമണ്ണ ഗ്രാമ പഞ്ചായത്തംഗം കെ.കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സൂര്യ അബ്ദുൽ ഗഫൂർ, ടി. നാരായണൻ, ആനന്ദൻ, ടി. സൈതുട്ടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, സംസ്ഥാന കാളപൂട്ട് കമ്മിറ്റി സെക്രട്ടറി നാസർ കൊളക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗം വി.പി. കബീർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.