പെരുമൺപുറ സി.പി.എം: ലോക്കൽ കമ്മിറ്റി പിരിച്ചുവിടുമെന്ന് ജില്ല നേതാവിന്റെ മുന്നറിയിപ്പ്
text_fieldsപന്തീരാങ്കാവ്: പാർട്ടി ഗ്രാമത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ പ്രാദേശിക സി.പി.എം ഘടകത്തിനെതിരെ ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്റെ പിരിച്ചുവിടൽ മുന്നറിയിപ്പ്. പെരുമൺപുറ സി.പി.എമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി വിളിച്ചു ചേർത്ത യോഗത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ് പെരുമണ്ണ ലോക്കൽ കമ്മിറ്റിക്കെതിരെ പരസ്യമായി നിലപാടെടുത്തത്.
ഇ.എം.എസിന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് മാസങ്ങളായി ഇവിടെ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ പുകയുന്നുണ്ട്. പെരുമണ്ണ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമുൾപ്പടെ 10 പേരെ ആഴ്ചകൾക്കു മുമ്പ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഡ് ചെയ്തിരുന്നു.
പ്രാദേശിക പ്രശ്നങ്ങളിൽ നേതൃത്വത്തിൽ ചിലർക്കെതിരെയുള്ള ആരോപണങ്ങളാണ് ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരണത്തിലും കൂട്ട നടപടികളിലും കലാശിച്ചത്. സാന്ത്വനം ഇ.എം.എസ് സൊസൈറ്റി പാർട്ടിവിരുദ്ധരുടെ വേദിയാണെന്ന കാരണം പറഞ്ഞ് സൊസൈറ്റിയുമായി സഹകരിക്കരുതെന്ന് പാർട്ടി അണികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും സൊസൈറ്റിക്ക് പിന്നണിയിലുള്ളവർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
ഇതിനിടെയാണ് പുറത്താക്കപ്പെട്ടവരുടെ പരാതിയിൽ ജില്ല നേതൃത്വം ഇടപെട്ട് ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞ ദിവസം സി.പി.എം ഓഫിസിൽ ചേർന്ന സസ്പെൻഷനിലുള്ളവരടക്കം പങ്കെടുത്ത അനുരഞ്ജന യോഗത്തിലാണ് സെക്രട്ടേറിയറ്റ് അംഗം ലോക്കൽ കമ്മിറ്റിക്കെതിരെ പല തവണ പരാമർശം നടത്തിയത്.
ചാരിറ്റബിൾ സൊസൈറ്റി പാർട്ടിയുടെ നേതൃത്വത്തിലുളള ഇ.എം.എസ് ട്രസ്റ്റിൽ ലയിപ്പിച്ച് പാർട്ടിക്ക് വിധേയമാവണമെന്ന സന്ദേശമാണ് ചർച്ചയിൽ നേതൃത്വം മുന്നോട്ടുവെച്ചത്. ഈ വിഷയത്തിൽ നിലപാടെടുക്കാൻ സൊസൈറ്റി പ്രവർത്തകർക്ക് സമയപരിധിയും നൽകിയിട്ടുണ്ട്. മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാതെ സാന്ത്വനത്തിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന പാർട്ടി നിർദേശത്തിനെതിരെ സൊസൈറ്റിയുടെ പ്രവർത്തകർക്കിടയിലും പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.