പന്തീരാങ്കാവിൻെറ പാട്ടുമുറ്റത്തിനി പി.എം.സിയില്ല
text_fieldsപന്തീരാങ്കാവ്: ഒന്നര പതിറ്റാണ്ടായി മുടക്കമില്ലാതെ തുടർന്ന പന്തീരാങ്കാവിെൻറ പാട്ട് മുറ്റത്തിനി പി.എം.സിയില്ല, റഫിയും കിഷോറും മുകേഷുമൊക്കെ പതിവ് തെറ്റാതെ പെയ്തിറങ്ങിയ ഞായറാഴ്ചകളെ ഒരിക്കൽ പോലും മുടക്കമില്ലാതെ ഒരുക്കിയ നാട്ടുകാരുടെ പി.എം.സി എന്ന പുൽപറമ്പിൽ മേത്തൽ ചന്ദ്രൻ യാത്ര പറഞ്ഞു. പന്തീരാങ്കാവ് പ്രഭാത് ആട്സ് ക്ലബ് പ്രവർത്തകനായിരുന്ന ചന്ദ്രൻ സുഹൃത്തുക്കളോടൊപ്പം നാല് പതിറ്റാണ്ട് മുമ്പ് ക്ലബ് ഓഫിസിൽ തുടങ്ങിയ പാട്ടുകൂട്ടായ്മയാണ് പിന്നീട് ഒന്നര പതിറ്റാണ്ട് മുമ്പ് സ്വന്തം വീട്ടുമുറ്റത്തേക്ക് മാറ്റിയത്.
പ്രഭാതിലെ പഴയ സുഹൃത്തുക്കൾക്കൊപ്പം സമീപപ്രദേശങ്ങളിൽനിന്നുള്ളവരും വീട്ടുകാരുമൊക്കെ ചേർന്ന് ഞായറാഴ്ച സായാഹ്നങ്ങൾ ആസ്വാദ്യകരമാക്കി. സാധാരണ ഞായറാഴ്ചകളിൽ മുറ്റത്തോട് ചേർന്ന ഒരു മുറിയിലാണ് പരിപാടി നടത്തിയത്. ഓണം, വിഷു, പെരുന്നാൾ തുടങ്ങി എല്ലാ ആഘോഷ വേളകളിലും വീട്ടു മുറ്റത്ത് തന്നെ വേദിയൊരുക്കി. സ്ത്രീകളും കുട്ടികളുമടക്കം പാട്ട് പാടുന്നവരും ഉപകരണ വായനക്കാരും ആസ്വാദകരുമായി വലിയ സദസ്സ് ഞായറാഴ്ചകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്നും വിരമിച്ച ചന്ദ്രൻ, പാട്ട് സദ്യ മുടങ്ങാതിരിക്കാൻ സ്വന്തമായി പണം മുടക്കി ജനറേറ്ററും വാങ്ങിയാണ് തെൻറ സംഗീതസദ്യ മുടക്കം വരാതെ മുന്നോട്ടുകൊണ്ടുപോയത്.
കേട്ടറിഞ്ഞെത്തുന്ന ആരെയും നിരാശരാക്കാതെ പാട്ടിനൊപ്പം ചായയും പലഹാരങ്ങളുമൊരുക്കി വീട്ടുകരും ചന്ദ്രെൻറ പാട്ട് സദ്യയിൽ സജീവമായിരുന്നു. ഹൃദ്രോഗ ബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചന്ദ്രൻ ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. പ്രഭാത് ആർട്സ് ക്ലബ്, ഗ്രാമസേവിനി വായനശാല, എഴുത്തുപുര എന്നിവയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം പ്രവർത്തക സമിതി അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.