ലഹരി ഉപഭോഗം ചോദ്യം ചെയ്ത പുഴ സംരക്ഷണ സമിതി പ്രവർത്തകന് മർദനം
text_fieldsപന്തീരാങ്കാവ്: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ മർദിച്ചു. പുഴ സംരക്ഷണ സമിതി കൺവീനർ മണക്കടവ് സ്വദേശി ടി.വി. പ്രമോദ് ദാസിനെയാണ് (52) തിങ്കളാഴ്ച വൈകീട്ട് പ്രായപൂർത്തിയാവാത്ത വിദ്യാർഥി അടക്കമുള്ള സംഘം ആക്രമിച്ചത്.
ചാലിയാറിന് സമീപത്ത് വിദ്യാർഥികളടക്കമുള്ളവർ വന്ന് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂവർ സംഘം കഴിഞ്ഞ ദിവസം ഇവിടെയെത്തിയത്.
ലഹരി ഉപയോഗം ചോദ്യം ചെയ്ത പ്രമോദ് ദാസിനെ സംഘം ഹെൽമറ്റ് ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമണ്ണ തെക്കേപാടം അൻഷാദ് (24), ഫാറൂഖ് കോളജ് ചൂരക്കാട്ടുപറമ്പ ഉമറുൽ ഫാറൂഖ് (22) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ലഹരി സംഘത്തിന്റെ അക്രമത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മണക്കടവിൽ ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.