സൈക്കിളിൽ സഞ്ചരിച്ച വിദ്യാർഥിയെ പിന്തുടർന്ന് കാർ യാത്രികർ
text_fieldsപന്തീരാങ്കാവ്: പുത്തൂർമഠത്ത് നിന്ന് സൈക്കിളിൽ പാലാഴിയിലേക്ക് യാത്രചെയ്ത സ്കൂൾ വിദ്യാർഥിയെ കാറിൽ സഞ്ചരിച്ച സംഘം പിന്തുടർന്നതായി പരാതി. സുൽത്താൻ ബസ് ഉടമ പുത്തൂർമഠം സ്വദേശി കെ.എം. മൂസയുടെ മകൻ മുഹമ്മദ് സാബിതിനെ (11)യാണ് വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിയോടെ കാർ യാത്രക്കാർ പിന്തുടർന്നത്. മർകസ് സ്കൂൾ വിദ്യാർഥിയായ സാബിത് പാലാഴിയിലെ മദ്റസ ക്ലാസിന് ശേഷം ബന്ധുവീട്ടിൽനിന്നാണ് സ്കൂളിൽ പോവുന്നത്.
സംഭവത്തെ കുറിച്ച് വിദ്യാർഥി പറയുന്നത് ഇങ്ങനെ, ആദ്യം പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപം സൈക്കിളിന്റെ തൊട്ട് സമീപം കാറ് നിർത്തിയപ്പോൾ സംശയം തോന്നിയ വിദ്യാർഥി സൈക്കിൾ ഒതുക്കി നിർത്തിയതോടെ കാർ യാത്രക്കാർ മുന്നോട്ടെടുത്തു. അൽപദൂരം പിന്നിട്ടപ്പോൾ വേഗത കുറച്ച കാറിനെ മറികടന്ന് വിദ്യാർഥി മുന്നോട്ട് പോയപ്പോൾ അമ്പിലോളിക്കടുത്ത് വെച്ച് വീണ്ടും കാറ് നിർത്തി യാത്രക്കാർ ഡോർ തുറന്നതോടെ താൻ സൈക്കിളിൽനിന്ന് ഇറങ്ങാൻ ശ്രമിച്ചതോടെ കാറ് വീണ്ടും മുന്നോട്ടെടുത്തതായി സാബിത് പറയുന്നു.
ഭയന്ന കുട്ടി അമ്പിലോളിയിലെ കടയിൽ കയറി അവിടെ ഉണ്ടായിരുന്നവരോട് സംഭവം പറയുന്നതിനിടയിൽ മൂന്നാമതും കാറ് അൽപദൂരം മുന്നിൽ നിർത്തിയിടുകയായിരുന്നു. ഇതിനിടെ കടയിലുള്ളവർ പുറത്തിറങ്ങിയപ്പോഴേക്കും കാറെടുത്ത് സംഘം രക്ഷപ്പെട്ടു. വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് പിന്തുടർന്നതെന്നാണ് സാബിത് പറഞ്ഞത്. കടയിലുണ്ടായിരുന്നവരും ഈ കാറ് കണ്ടിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമായിട്ടില്ല. സംഭവത്തിന് ശേഷം കടയിലുണ്ടായിരുന്നവരാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. ഏതാനും മിനിട്ടുകൾക്കകം മൂസയും മകനെ കാറിൽ പിന്തുടർന്നിരുന്നെങ്കിലും പാലാഴിയിലെത്തിയ ശേഷമാണ് സംഭവം അറിഞ്ഞത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് കാറിന്റെ വിശദാംശങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.