തോട്ടിലൂടെ ഒഴുകിയെത്തിയ 'ചെഞ്ചെവിയനെ' വനം വകുപ്പിന് കൈമാറി
text_fieldsപന്തീരാങ്കാവ്: ജൈവ വ്യവസ്ഥക്ക് ഹാനികരമാവുന്ന ചെഞ്ചെവിയൻ ആമയെ (റെഡ് ഇയേഡ് സ്ലൈഡർ) ഒളവണ്ണ ഇരിങ്ങല്ലൂരിലെ തോട്ടിൽനിന്ന് കണ്ടെത്തി. താഴെ പറശ്ശേരി സുരേശനാണ് തൻെറ കടയുടെ മുന്നിലൂടെ ഒഴുകുന്ന തോട്ടിൽനിന്ന് ആമയെ ലഭിച്ചത്. ആമയെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറി.
പേരുപോലെതന്നെ ചെവിഭാഗത്ത് ചുവന്ന നിറമാണ് റെഡ് ഇയേഡ് സ്ലൈഡറിന്. മെക്സികോയാണ് ഇവയുടെ ജന്മദേശം എന്നാണ് കരുതപ്പെടുന്നത്. പെറ്റുപെരുകി ജലാശയങ്ങളിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയുമെല്ലാം നശിപ്പിച്ച് തദ്ദേശീയ ആവാസ വ്യവസ്ഥക്ക് ഗുരുതര പ്രത്യകഘാതമുണ്ടാക്കുമെന്നതാണ് ഇതിൻെറ ഏറ്റവും വലിയ ദോഷം.
അക്വേറിയങ്ങളിലും മറ്റും വളർത്തുന്ന ഈ ആമ പെട്ടെന്ന് വലുതാവുന്നതോടെ ചിലർ ഇതിനെ കുളങ്ങളിലും തോടുകളിലും ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇവ സാൽമൊണെല്ല (Salmonella) ബാക്ടീരിയകളെ വഹിക്കുെന്നന്നത് മനുഷ്യർക്കും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കോഴിക്കോട് ഗവ. ആട്സ് കോളജ് അസി. പ്രഫസർ കെ. അബ്ദുൽ റിയാസ് പറഞ്ഞു.
കുട്ടികൾക്കും ഗർഭിണികൾക്കുമാണ് ഈ രോഗാണു വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മറ്റു ചില ജീവികളെ പോലെ ഇത്തരം ആമകളെയും എവിടെയെങ്കിലും കണ്ടെത്തിയാൽ വനഗവേഷണ കേന്ദ്രത്തെ അറിയിക്കാൻ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.