ദമ്പതികളെ കുത്തിപ്പരിക്കേൽപിച്ച് സ്വർണം കവർന്നയാൾ പിടിയിൽ
text_fieldsപന്തീരാങ്കാവ്: വയോധിക ദമ്പതികളെ കുത്തിപ്പരിക്കേൽപിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി സി.കെ. നഗർ സ്വദേശി ഹസീമുദ്ദിനെ (30) ആണ് സിറ്റി പൊലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഫറോക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവ് ഇൻസ്പെക്ടർ ജി. ബിജു കുമാറും ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 27ന് പുലർച്ച മാത്തറയിലായിരുന്നു സംഭവം. സ്ത്രീ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പുവരുത്തി അടുക്കള ഭാഗത്തുവെച്ച് വീട്ടമ്മയെ പിന്നിൽനിന്ന് മുഖം പൊത്തി ആക്രമിച്ച് സ്വർണമാല കവരുകയായിരുന്നു. കൈയിലെ വള ഊരാനുള്ള ശ്രമം പ്രതിരോധിക്കുന്നതിനിടയിലാണ് മോഷ്ടാവ് കത്തികൊണ്ട് ആക്രമിച്ചത്. ഇതിനിടയിൽ സ്ഥലത്തെത്തിയ ഭർത്താവിനെയും ആക്രമിച്ച് തള്ളിയിട്ട് കടന്നുകളയുകയായിരുന്നു. വീട്ടമ്മയുടെയും ഭർത്താവിന്റെയും കൈകൾക്ക് മുറിവേറ്റിരുന്നു.
മുമ്പ് രണ്ടുതവണ കവർച്ച നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് കുറ്റകൃത്യത്തിനെത്തിയത്. സി.സി.ടി.വിയിൽ കുടുങ്ങാതിരിക്കാനും പ്രതി പ്രത്യേകം ശ്രദ്ധിച്ചു. മൂന്ന് ഓട്ടോകൾ മാറിമാറി കയറിയാണ് പ്രതി അരീക്കാട് വഴി നഗരത്തിലെത്തിയത്. അതിനിടയിൽ പൊലീസിനെ വഴിതിരിച്ചുവിടാൻ റെയിൽവേ ട്രാക്കിലൂടെയും ബീച്ചിലൂടെയും നടന്നശേഷമാണ് താമസസ്ഥലത്തേക്ക് പോയത്.
ഇരുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും സമാനമായ കേസിലുൾപ്പെട്ട മുൻ കുറ്റവാളികളെ നിരീക്ഷിച്ചുമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ഫറോക് സ്റ്റേഷനിൽ എം.ഡി.എം.എ കൈവശം വെച്ചതിനും വ്യാജ സ്വർണം പണയംവെച്ചതിനും തിരൂരങ്ങാടി, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.