പെരുമണ്ണയിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണം; സ്വർണാഭരണവും പണവും കവർന്നു
text_fieldsപന്തീരാങ്കാവ്: പെരുമണ്ണ പാറമ്മൽ ശിവവിഷ്ണു ക്ഷേത്രത്തിലും പെരുമൺപുറ മഹാവിഷ്ണു ക്ഷേത്രത്തിലും ഭണ്ഡാരവും ഓഫിസ് മുറിയും തകർത്ത് സ്വർണവും പണവും മോഷ്ടിച്ചു. പെരുമൺപുറയിൽ ക്ഷേത്രത്തിനു സമീപം വീട്ടിൽനിന്ന് അലമാരയിൽ സൂക്ഷിച്ച 22.5 പവൻ സ്വർണാഭരണവും നഷ്ടമായി.
ഞായറാഴ്ച പുലർച്ചയോടെയാണ് ഇരു ക്ഷേത്രങ്ങളിലും മോഷണം നടന്ന വിവരം അറിഞ്ഞത്. രാവിലെ 5.30ഓടെ ഇരു ക്ഷേത്രങ്ങളിലെയും ക്ലർക്കുമാർ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. പെരുമണ്ണ ശിവവിഷ്ണു ക്ഷേത്രത്തിന്റെ ഓഫിസ് മുറിയിൽ സൂക്ഷിച്ച 16,000ത്തോളം രൂപയാണ് നഷ്ടമായത്. എക്സിക്യൂട്ടിവ് ഓഫിസറുടെ മുറിയിൽ സൂക്ഷിച്ച മൂന്നു ഗ്രാം സ്വർണാഭരണവും നഷ്ടപ്പെട്ടു.
ഇവിടെനിന്നു നാലു കിലോമീറ്ററോളം ദൂരത്തിലുള്ള പെരുമൺപുറ ക്ഷേത്രത്തിലും ഓഫിസ് മുറിയിൽനിന്നാണ് പണം നഷ്ടമായത്. രണ്ടായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ഇരു ക്ഷേത്രങ്ങളിലും പ്രധാന ഭണ്ഡാരം തകർക്കാനുള്ള ശ്രമം വിഫലമാവുകയായിരുന്നു. ശിവവിഷ്ണു ക്ഷേത്രത്തിൽ മോഷണത്തിനായി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പുകമ്പി കണ്ടെടുത്തിട്ടുണ്ട്.
ഉച്ചക്ക് രണ്ടിന് പെരുമൺപുറ ക്ഷേത്രത്തിൽനിന്നു 50 മീറ്ററോളം ദൂരത്തിൽ കീഴേടത്ത് അമൃതത്തിൽ താമസിക്കുന്ന അക്ഷയ് കുമാറിന്റെ വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ച ഭാര്യയോടൊത്ത് ബന്ധുവീട്ടിൽ പോയിരുന്ന അക്ഷയ് കുമാർ ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് അകത്തെ വാതിലുകൾ തകർത്ത് അലമാരയിൽ സൂക്ഷിച്ച ഇരുപത്തിരണ്ടര പവൻ സ്വർണാഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. ഭാര്യയുടെ ബാഗിൽ സൂക്ഷിച്ച 7000ത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. പൂവാട്ടുപറമ്പിൽ കേബ്ൾ ഓപറേറ്ററായ അക്ഷയ് ഒന്നര മാസം മുമ്പാണ് വിവാഹം കഴിഞ്ഞ് ഇവിടെ വാടക വീട്ടിൽ താമസിക്കാനെത്തിയത്.
പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബൈജു കെ. ജോസ്, സബ് ഇൻസ്പെക്ടർ സി. വിനായകൻ എന്നിവരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മൂന്നു സ്ഥലങ്ങളിലുമെത്തി പരിശോധന നടത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പെരുമണ്ണയിൽ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മുണ്ടുപാലം ശ്രീ വിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പൂട്ട് തകർത്ത് കയറിയ മോഷ്ടാവ് രണ്ടായിരത്തോളം രൂപ കവർന്നിരുന്നു. തുടർച്ചയായുള്ള മോഷണങ്ങളിൽ ജനങ്ങളും ആശങ്കാകുലരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.