ജയിലിൽനിന്നിറങ്ങി നാലാം നാൾ മോഷണം; വാഹന മോഷണക്കേസ് പ്രതി പിടിയിൽ
text_fieldsപന്തീരാങ്കാവ്: വാഹനമോഷണത്തിന് ഒന്നരവർഷം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി നാലാം നാളിൽ വീണ്ടും മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
പെരുമണ്ണ പാറക്കണ്ടം സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ധീനെ(24)യാണ് കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷ്ൽ ആക്ഷൻ ഫോഴ്സും (ഡാൻസഫ്) പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ ടി.വി. ധനഞ്ജയദാസിന്റെ നേതൃതത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്.
പിടിയിലായ ഇൻസുദ്ധീന്റെ പേരിൽ നിരവധി വാഹന മോഷണ, ഭവനഭേദന, പിടിച്ച് പറി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസമാണ് ഒന്നര വർഷത്തെ ശിക്ഷ അനുഭവിച്ച് ജയിലിൽനിന്നിറങ്ങിയത്. ഞായറാഴ്ചയാണ് പെരുമണ്ണ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയ വാഹനം മോഷ്ടിച്ചത്. ലഹരിക്കടിമയായ ഇയാൾ ലഹരിമരുന്നിന് പണം കണ്ടെത്തുന്നതിനാണ് മോഷണം തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സമാന കുറ്റകൃത്യം ചെയ്തവരെ പിൻതുടർന്ന പൊലീസിന് പ്രതിയെ പിടികൂടാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ സഹായകമായി. ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ, അനീഷ് മൂസ്സൻവീട്, ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ പന്തീരാങ്കാവ് സ്റ്റേഷനിലെ എ.സ്.ഐ മഹീഷ് , പി. രൂപേഷ്, രഞ്ജിത്ത്, സബീഷ് കുമാർ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.