പ്രിൻസിയുടെയും ജിൻസിയുടെയും സ്നേഹത്തണലിൽ സുരക്ഷിതരാണ് ഈ കാക്കക്കുഞ്ഞുങ്ങൾ
text_fieldsപന്തീരാങ്കാവ്: തുഷാരത്തിലെ സ്നേഹത്തണലിലേക്ക് മൂന്ന് അതിഥികൾകൂടിയെത്തി. ദേശീയപാതയോരത്ത് മുറിഞ്ഞുവീണ തണൽമരത്തിൽ ഒറ്റക്കായിപ്പോയ മൂന്നു കാക്കക്കുഞ്ഞുങ്ങൾക്ക് പരിചരണമൊരുക്കുകയാണ് പന്തീരാങ്കാവ് പറമ്പിൽതൊടി പ്രശാന്തിെൻറ മക്കളായ പ്രിൻസിയും ജിൻസിയും.
കഴിഞ്ഞ ശനിയാഴ്ച വീശിയ കാറ്റിലാണ് പന്തീരാങ്കാവ് കൂടത്തുംപാറയിൽ തണൽമരം വീണത്. തിങ്കളാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വരുമ്പോഴാണ് റോഡരികിൽ വീണ് കിടക്കുന്ന കൂട്ടിൽ മൂന്ന് കാക്കക്കുഞ്ഞുങ്ങൾ കരഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. വീട്ടിൽ പോയി മകളെയും കൂട്ടി ഇവക്ക് നൽകാൻ ഭക്ഷണവുമായി തിരിച്ചെത്തിയ പ്രശാന്ത്, അവയെ തെരുവ് നായ്ക്കൾ കടിച്ചുകൊല്ലുമെന്ന് ഭയന്ന് കൂടടക്കം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വീടിനോട് ചേർന്ന് തുണികൊണ്ട് കെട്ടിയ ഊഞ്ഞാലിലാണ് കൂടൊരുക്കിയത്. തൊലികളഞ്ഞ ചെമ്മീനും ചോറുമാണ് ഭക്ഷണം. പ്രശാന്തിെൻറ മക്കളായ പ്രിൻസിയും ജിൻസിയുമാണ് പരിചരിക്കുന്നത്. ഭക്ഷണവും വെള്ളവും കിട്ടിയതോടെ കാക്കക്കുഞ്ഞുങ്ങൾ ഉഷാറായി.
ഇവരുടെ വീടകത്തിൽ കാക്കക്കുഞ്ഞുങ്ങൾ മാത്രമല്ല ഉള്ളത്. റോഡിൽ വാഹനങ്ങൾ തട്ടി പരിക്കേറ്റ പൂച്ചകളെയും നായ്ക്കളെയുമൊക്കെ പ്രശാന്ത് വീട്ടിലെത്തിച്ച് സംരക്ഷിക്കാറുണ്ട്. മുപ്പതോളം പൂച്ചകളും രണ്ട് നായ്ക്കളുമുണ്ട് ഈ വീട്ടിൽ. വഴിയിൽനിന്ന് പരിക്കേറ്റ നിലയിൽ ലഭിച്ച തത്ത അഞ്ച് വർഷത്തോളം പ്രശാന്തിനും കുടുംബത്തിനുമൊപ്പമുണ്ടായിരുന്നു. പരിക്ക് മാറി പറക്കാനായതോടെ ഇവിടെയുണ്ടായിരുന്ന പരുന്തിനെ സമീപത്തെ വയലിൽ കൊണ്ടുപോയി തുറന്നുവിട്ടു. റോഡരികിൽനിന്ന് കിട്ടിയ കീരി മുറിവുണങ്ങിയശേഷം തിരിച്ചുപോയി.
രണ്ടര വർഷം മുമ്പ് പിതൃ സഹോദരെൻറ വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ ഇറങ്ങി രക്ഷപ്പെടുത്തി പ്രിൻസി നാടിെൻറ പ്രശംസ നേടിയിരുന്നു. പ്ലസ്ടുവിന് ശേഷം ലാബ് ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ് പ്രിൻസി. പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ജിൻസി. പെയിൻറിങ് തൊഴിലാളിയായ പ്രശാന്തിെൻറ വരുമാനത്തിെൻറ നല്ലൊരു ഭാഗവും വീട്ടിലെ ഈ മിണ്ടാപ്രാണികളുടെ ഭക്ഷണത്തിനാണ് ചെലവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.