ദയനീയം അതിഥി തൊഴിലാളികളുടെ ആടുജീവിതം
text_fieldsപന്തീരാങ്കാവ്: ഭക്ഷണവും കിടപ്പും ശൗചാലയവുമെല്ലാം വൃത്തിഹീനമായി ആടുജീവിതത്തിന് സമാനമാണ് പാലാഴിയിലെ മേൽപ്പാലത്തിന് കീഴിൽ 40 ഓളം അന്യ സംസ്ഥാനക്കാരുടെ ജീവിതം. ദേശീയപാത നിർമാണ തൊഴിലാളികളുടെയും കുടുംബങ്ങളുടേയും ഷീറ്റ് കൊണ്ട് മറച്ച താമസ ഇടങ്ങളിലാണ് ഈ ദുരിത ജീവിതം.
ഇരു ഭാഗത്തിലൂടെയും നിരന്തരം വാഹനങ്ങൾ പോവുന്ന റോഡിനിടയിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മേൽപാലത്തിന് അടിയിലാണ് പിഞ്ചുകുട്ടികളടക്കം കുടുംബങ്ങൾ താമസിക്കുന്നത്. ഒരു ഭാഗത്ത് കക്കൂസ് മാലിന്യമടക്കം കെട്ടിക്കിടക്കുന്നുണ്ട്. പുറത്തുള്ളവർ ഇത് കാണാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്. കുഴികുത്തിയാണ് കക്കൂസ് ഉപയോഗം. അതിനടുത്തുതന്നെയാണ് പാചകവും കിടത്തവുമെല്ലാം. വെള്ളം കെട്ടിക്കിടന്ന് സമീപത്തെ വീടുകളിലേക്കുപോലും രൂക്ഷമായ ഗന്ധവും കൊതുകുശല്യമുണ്ട്. സർക്കാർ സ്വകാര്യ ഐ.ടി പാർക്കിന് സമീപത്താണ് ഈ ദുരിത കാഴ്ച.
ആരോഗ്യ പ്രവർത്തകരെയും ദേശീയപാത അധികൃതരേയും ബന്ധപ്പെട്ട് പ്രതിഷേധം അറീയിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഭയങ്കാവ് ഏകത റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായെത്തി. ആമാട്ട് രാധാകൃഷ്ണൻ, എൻ. അശോകൻ, അഷ്റഫ്, എ. പ്രജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മാലിന്യ പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ദേശീയ പാത പ്രവൃത്തി തടയുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.