ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ
text_fieldsപന്തീരാങ്കാവ്: പൊലീസ് സ്റ്റേഷനു സമീപമുള്ള പറമ്പിൽനിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കൾ പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായി. മാമ്പുഴക്കാട്ട് മീത്തൽ രാഹുൽ (22), പറമ്പിൽ തൊടിയിൽ അക്ഷയ് (19 )എന്നിവരെയാണ് പന്തീരാങ്കാവ് ഇൻസ്പെക്ടർ എൻ. ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
2022 നവംബറിലാണ് ബൈക്ക് മോഷണം പോയത്. അപകടത്തിൽപെട്ട് എം.വി.ഐയുടെ പരിശോധനക്കുശേഷം ഉടമക്ക് വിട്ടുനൽകിയ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. മുമ്പ് മോഷണക്കേസിൽ ഉൾപ്പെട്ടവരെയും ലഹരി ഉപയോഗക്കാരെയും കുറിച്ച് വിശദമായി അന്വേഷണം നടത്തിയും നൂറോളം സി.സി ടി.വി കാമറകൾ പരിശോധിച്ചും ആറു മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
രാഹുലിന് ഇരുചക്രവാഹന വർക്ക്ഷോപ്പിൽ ജോലിചെയ്തുള്ള പരിചയമുണ്ട്. മോഷ്ടിച്ച വാഹനം മാറാട് സ്വദേശിക്കാണ് വിറ്റത്. രേഖകൾ നഷ്ടപ്പെട്ടെന്ന് വിശ്വസിപ്പിച്ചാണ് വിൽപനയെങ്കിലും രേഖകൾ ലഭിക്കാത്തതിനാൽ വാങ്ങിയ ആൾ വാഹനം ഉപയോഗിച്ചിരുന്നില്ല.
നമ്പർ തിരുത്തിയാണ് വാഹനം കൈമാറിയത്. മുമ്പ് മാത്തറ ബൊട്ടാണിക്കൽ ഗാർഡന്റെ അടുത്തുള്ള വീട്ടിൽനിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസിൽപെട്ട രാഹുൽ രണ്ടുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. കസബ സ്റ്റേഷൻ പരിധിയിൽനിന്ന് പ്രതികൾ സമാന രീതിയിൽ ബൈക്ക് മോഷണം നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികൾ ഇരുവരും ലഹരി ഉപയോഗിക്കുന്നവരാണ്.
ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് കളവ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ടി.വി. ധനഞ്ജയദാസ്, എസ്.സി.പി.ഒമാരായ രൂപേഷ് പറമ്പക്കുന്നൻ, ടി. പ്രഭീഷ്, സബീഷ് സി.പി.ഒമാരായ ജിനേഷ് ചൂലൂർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.