ദുരിതം തീരാതെ പാരലൽ കോളജ് അധ്യാപകർ; ഓൺലൈൻ ക്ലാസുകളിൽ നിന്ന് മെച്ചപ്പെട്ട വരുമാനമില്ല
text_fieldsപേരാമ്പ്ര: കോവിഡ് നിയന്ത്രണങ്ങൾ തുടർച്ചയായ രണ്ടാംവർഷവും പാരലൽ കോളജ് അധ്യാപകരുടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞ വർഷം മാർച്ചിൽ ലോക്ഡൗൺ തുടങ്ങിയതോടെ അടച്ച സമാന്തര സ്ഥാപനങ്ങൾ മൂന്നു മാസം പ്രവർത്തിക്കുമ്പോഴേക്കും വീണ്ടും ലോക് ഡൗൺ വന്നതോടെ അടക്കേണ്ടിവന്നു.
ജില്ലയിൽ നൂറുകണക്കിന് അധ്യാപകരാണ് ഈ മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്. മാസങ്ങളായി ഇവർക്ക് ഒരുവരുമാനവും ഇല്ലാത്ത അവസ്ഥയാണ്. ഹയർ സെക്കൻഡറി, വിവിധ ബിരുദം, പി.ജി കോഴ്സുകൾ വിവിധ പാരലൽ കോളജുകളിൽ നടത്തുന്നുണ്ട്. കൂടാതെ നിരവധി ട്യൂഷൻ സെൻററുകളും പ്രവർത്തിക്കുന്നുണ്ട്.
പാരലൽ കോളജുകളും ഓൺലൈൻ ക്ലാസിലേക്ക് മാറിയിട്ടുണ്ടെങ്കിലും ഓഫ് ലൈൻ ക്ലാസിനെ അപേക്ഷിച്ച് നാമമാത്രമായ വരുമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് സമാന്തര സ്ഥാപനങ്ങളിൽ പഠിക്കുന്നത്. അതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസിെൻറ ട്യൂഷൻ ഫീസൊന്നും ഭൂരിഭാഗവും ലഭിക്കുന്നില്ല.
സ്ഥാപനത്തിെൻറ വാടക, വൈദ്യുതി ഉൾപ്പെടെ വലിയ തുക മാനേജർമാർക്ക് ഓരോ മാസവും നൽകേണ്ടിവരുന്നു. പല സ്ഥാപനങ്ങളിലും ചിതലരിച്ച് ഫർണിച്ചർ ഉൾപ്പെടെ നശിച്ചുപോയിട്ടുണ്ട്. ഈ ഒരുവർഷത്തിനിടക്ക് പൂട്ടിപ്പോയ സ്ഥാപനങ്ങളും ഉണ്ട്. ഓൺലൈൻ ക്ലാസെടുക്കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരുടെ വരുമാനം നാലിലൊന്നായി കുറഞ്ഞു. ഭൂരിഭാഗം പാരലൽ കോളജ് അധ്യാപകർക്കും മണിക്കൂറിനാണ് പൈസ ലഭിക്കുന്നത്. കോളജുകളിൽ ഒരു ക്ലാസിൽ പരമാവധി 50 കുട്ടികളുണ്ടാവും.
ഇത്തരം അഞ്ചും ആറും ബാച്ചുകളുള്ള കോളജുകളും ട്യൂഷൻ സെൻററുകളും ഉണ്ട്. ഒരു അധ്യാപകന് ദിവസം അഞ്ചു മുതൽ ഏഴുവരെ പിരീഡുകൾ ലഭിക്കാം. എന്നാൽ, ഓൺലൈൻ ക്ലാസിൽ പരിധിയില്ലാതെ കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നതുകൊണ്ട് ദിവസം വ്യത്യസ്ത ക്ലാസുകളിൽ ആറ് പിരീഡ് എടുക്കുന്ന അധ്യാപകന് ഓൺലൈൻ ക്ലാസിൽ ഒരു മണിക്കൂർ കൊണ്ട് എല്ലാ ബാച്ചിനും ഒരേസമയം ക്ലാസെടുക്കാം.
ഓഫ്ലൈൻ ക്ലാസിനെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ വരുമാനനഷ്ടവും അധ്യാപകർക്ക് ഉണ്ടാവുന്നുണ്ട്. ഓഫ്ലൈൻ ക്ലാസുകൾ ഉടൻ ആരംഭിക്കാൻ സാധിക്കുന്നില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.