ഇന്ന് സമാന്തര വിദ്യാഭ്യാസ ദിനം; പ്രതാപത്തിന്റെ ഓർമകളിൽ പാരലൽ കോളജുകൾ
text_fieldsകോഴിക്കോട്: അടച്ചുപൂട്ടലിനിടെ സമാന്തര കോളജുകൾക്കിന്ന് സമാന്തര വിദ്യാഭ്യാസ ദിനം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സജീവതയുടെ അടയാളമായിരുന്ന പാരലൽ കോളജുകൾക്ക് താഴുവീണിട്ട് ഒന്നര വർഷത്തോളമായി. ആയിരക്കണക്കിന് അധ്യാപകരുടെ ജീവിതം ഇരുളടഞ്ഞിരിക്കെയാണ് പാരലൽ കോളജ് കോഓഡിനേഷൻ അസോസിയേഷൻ പതിവുപോലെ ജൂലൈ 12ന് സമാന്തര വിദ്യാഭ്യാസദിനം ആചരിക്കുന്നത്.
ലോക്ഡൗണിനെ തുടർന്ന് അടഞ്ഞ സമാന്തര കോളജുകൾക്ക് വീണ്ടും ഇരുട്ടടിയായത് ഓപൺ യൂനിവേഴ്സിറ്റിയുടെ കടന്നുവരവാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസം അവസാനിപ്പിച്ചതായും ഇനി ഓപൺ യൂനിവേഴ്സിറ്റി വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന നിർദേശമാണ് എത്തിയത്. വിദ്യാർഥികളിൽ ചേരിതിരിവ് സൃഷ്ടിക്കുന്ന ഓപൺ യൂനിവേഴ്സിറ്റിക്കെതിരെ അസോസിയേഷനും വിദ്യാർഥികളും കോടതി കയറി. സമാന്തരകോളജ് വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായെങ്കിലും പല യൂനിവേഴ്സിറ്റികളിലെയും വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ അനിശ്ചിതത്ത്വത്തിലായി. കഴിഞ്ഞ രണ്ട് അക്കാദമിക വർഷവും പ്രവേശനം നടത്താൻ സമാന്തരകോളജുകൾക്ക് കഴിഞ്ഞില്ല. ഈ വർഷത്തോടെ വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതോടെ കോളജിൽ വിദ്യാർഥികൾ ഇല്ലാത്ത അവസ്ഥയുമാകും. വാടക കൊടുക്കാൻപോലും കഴിയാതെ കോളജ് നടത്തിപ്പുകാർ പ്രയാസപ്പെടുകയാണ്. 2019 ൽ പാരലൽ കോളജ് അസോസിയേഷൻ തയാറാക്കിയ കണക്കനുസരിച്ച് നാല് സർവകലാശാലകൾക്ക് കീഴിലായി 3.50 ലക്ഷം വിദ്യാർഥികളും ഹയർ സെക്കൻഡറി മേഖലയിൽ രണ്ടു ലക്ഷം വിദ്യാർഥികളും സമാന്തരമായി പഠിക്കുന്നുണ്ടെന്ന് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജിജി വർഗീസ് പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ അഞ്ചു പതിറ്റാണ്ടിലേറെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഉപകാരപ്പെട്ട സമാന്തര വിദ്യാഭ്യാസ മേഖലയാണ് അധികൃതരുടെ വീക്ഷണമില്ലായ്മയിൽ തിരശ്ശീലയിലേക്ക് നീങ്ങുന്നത്. രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികൾക്ക് സെമസ്റ്റർ പഠനം തുടരേണ്ടതുണ്ടെങ്കിലും ഒന്നും രണ്ടും വർഷത്തിന് കുട്ടികളില്ലാതെ കോളജ് നടത്തിക്കൊണ്ടുപോകുവാൻ പ്രയാസപ്പെടുകയാണ് നടത്തിപ്പുകാർ.
പ്രതാപം പേറിയ പാരലൽ കോളജുകൾ ഓർമകളാവുന്നതോടൊപ്പം ആയിരക്കണക്കിന് വിദ്യാസമ്പന്നരാണ് തൊഴിൽ രഹിതരുടെ പാളയത്തിലേക്കെത്തിയത്. ജില്ലയിലെ 110 ഓളം പാരലൽ കോളജുകളിലെ 3000ത്തിലേറെ അധ്യാപകരുടെ ജീവതമാണ് വഴിമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.