സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; ഒരുവർഷമായിട്ടും മുഴുവൻ പ്രതികളും പിടിയിലായില്ല
text_fieldsകോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിലെ പ്രതികൾ ഒരുവർഷമായിട്ടും അറസ്റ്റിലായില്ല. ഒളിവിലുള്ള നാലു പ്രതികൾക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ചാലപ്പുറം സ്വദേശി പുത്തൻപീടിയേക്കൽ പി.പി. ഷബീർ (45), ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി പി. അബ്ദുൽ ഗഫൂർ (45), പൊറ്റമ്മൽ സ്വദേശി മാട്ടായിപറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34), മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവർക്കായാണ് കേസന്വേഷിക്കുന്ന ജില്ല ക്രൈം ബ്രാഞ്ച് ജനുവരിയിൽ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നിയാസിനെ വൈകിയാണ് കേസിൽ പ്രതിചേർത്തത്. പ്രതിയാകും മുമ്പുതന്നെ ഇയാൾ വിദേശത്താണെന്നാണ് വിവരമെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ മറ്റുപ്രതികൾ വിദേശത്തേക്ക് പോകാനിടയില്ലെന്നും അന്വേഷണ സംഘം മേധാവി അസി. കമീഷണർ അനിൽ ശ്രീനിവാസ് പറഞ്ഞു. അതേസമയം, പ്രതി കൃഷ്ണപ്രസാദ് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇയാൾക്ക് ജാമ്യം അനുവദിക്കരുതെന്ന റിപ്പോർട്ട് പൊലീസ് സമർപ്പിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനും എഫ്.ഐ.ആർ തന്നെ റദ്ദാക്കാനും ആവശ്യപ്പെട്ട് പ്രതികൾ നേരത്തേയും ഹൈകോടതിയെ സമീപിച്ചിരുന്നു. പക്ഷേ, ഹരജി കോടതി തള്ളുകയാണുണ്ടായത്. പ്രതികൾക്കെതിരെ കസബ സ്റ്റേഷനിൽ അഞ്ചും നല്ലളം സ്റ്റേഷനിൽ ഒന്നും ഉൾപ്പെടെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയും അന്വേഷണ സംഘം തുടങ്ങിയിരുന്നു.
2021 ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ഇവിടങ്ങളിൽനിന്ന് സിംബോക്സ് ഉൾപ്പെടെ ഉപകരണങ്ങളും നൂറുകണക്കിന് സിം കാർഡുകളുമാണ് പിടിച്ചത്. പരിശോധനക്കിടെ ഇവിടത്തെ ജീവനക്കാരൻ കൊളത്തറ സ്വദേശി ജുറൈസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് സമാന കേസിൽ ബംഗളൂരുവിൽ പിടിയിലായ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയും കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചത് എന്നാണ് പൊലീസ് പറയുന്നത്. എക്സ്ചേഞ്ചുകൾ സ്ഥാപിച്ച സംഘം സർക്കാർ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലികമ്യൂണിക്കേഷൻ വിഭാഗം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.