സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകോഴിക്കോട്: വിവിധ ജില്ലകളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി ചൈത്ര തെരേസ ജോണിെൻറ നേതൃത്വത്തിലാണ് പുതിയ സംഘം രൂപവത്കരിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കിയത്. കോഴിക്കോട് സി ബ്രാഞ്ച് അസി. കമീഷണർ ടി.പി. ശ്രീജിത്ത്, കൊരട്ടി സി.ഐ ബി.കെ. അരുൺ, അതിരപ്പിള്ളി സി.ഐ ഷിജു തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഇവർ എല്ലാ കേസുകളും ഒരുമിച്ച് പരിശോധിക്കും.
ഇവർ ഉടൻ കോഴിക്കോട്ട് യോഗം ചേർന്ന് നിലവിലെ കേസുകളുെട അേന്വഷണ പുരോഗതി വിലയിരുത്തുകയും തുടരന്വേഷണത്തിന് കർമപദ്ധതി തയാറാക്കുകയും ചെയ്യും. ഡൽഹി, മൈസൂരു, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി രാജ്യത്തിെൻറ പല ഭാഗങ്ങളിലും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയിരുന്നു. കേരളത്തിൽ രജിസ്റ്റർ െചയ്ത കേസിലെ പ്രതികൾക്ക് ഇവിടങ്ങളിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു.
അതിനാൽതന്നെ രാജ്യാന്തര ബന്ധമുള്ള സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം വേണമെന്ന് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘമുണ്ടാക്കിയതും കേസുകൾ ഒരുമിച്ച് അന്വേഷിക്കാൻ നിർദേശിച്ചതും. അതേസമയം, സമാനകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മലയാളി മുഹമ്മദ് റസാലിനെ ചോദ്യം ചെയ്യാനായി ഒരു സംഘം ഹൈദരാബാദിലേക്ക് പോയി. സി ബ്രാഞ്ച് എസ്.ഐ ഷാജി, എ.എസ്.ഐ രാകേഷ്, സൈബർ എക്സ്പേർട്ട് ബിജിത്ത് എന്നിവരാണ് ഹൈദരാബാദിലേക്ക് പോയത്. ഉന്നത ഉദ്യോഗസ്ഥരും ഹൈദരാബാദിലെത്തും. ആവശ്യമെങ്കിൽ കേരളത്തിലെ കേസിൽ പ്രതിചേർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.